മലയാള സിനിമയുടെ 'ശ്രീ' മാഞ്ഞു; പ്രിയപ്പെട്ട ശ്രീനിവാസന് ആദരാഞ്ജലികൾ: വി. ശിവൻകുട്ടി

നമ്മുടെ സിനിമാലോകത്തെ സമ്പന്നമാക്കിയ അതുല്യ പ്രതിഭയായിരുന്നു ശ്രീനിവാസൻ എന്ന് വിദ്യാഭ്യാസ മന്ത്രി
വി ശിവൻകുട്ടി, ശ്രീനിവാസൻ
വി ശിവൻകുട്ടി, ശ്രീനിവാസൻSource: Facebook
Published on
Updated on

തിരുവനന്തപുരം: മലയാള സിനിമയുടെ എക്കാലത്തെയും വലിയ നഷ്ടങ്ങളിലൊന്നാണ് ശ്രീനിവാസന്റെ വിയോഗമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. നടനായും തിരക്കഥാകൃത്തായും സംവിധായകനായും പതിറ്റാണ്ടുകളോളം നമ്മുടെ സിനിമാലോകത്തെ സമ്പന്നമാക്കിയ അതുല്യ പ്രതിഭയായിരുന്നു ശ്രീനിവാസൻ എന്ന് വിദ്യാഭ്യാസ മന്ത്രി അനുശോചിച്ചു.

വി. ശിവൻകുട്ടിയുടെ വാക്കുകൾ - വിമർശനങ്ങൾ നിലനിന്നിരുന്നുവെങ്കിലും സാധാരണക്കാരന്റെ ജീവിതവും പ്രശ്നങ്ങളും ഇത്രയേറെ തനിമയോടെയും, അതേസമയം നർമ്മത്തിന്റെ മേമ്പൊടിയോടെയും അവതരിപ്പിച്ച മറ്റൊരു കലാകാരൻ മലയാളത്തിൽ ഉണ്ടോ എന്ന് സംശയമാണ്. ചിരിപ്പിച്ചു കൊണ്ട് ചിന്തിപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. അദ്ദേഹം രചിച്ച തിരക്കഥകൾ മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ നാഴികക്കല്ലുകളാണ്.

വരവേൽപ്പ്, നാടോടിക്കാറ്റ്, ചിന്താവിഷ്ടയായ ശ്യാമള തുടങ്ങിയ ചിത്രങ്ങൾ മലയാളി ഉള്ളിടത്തോളം കാലം ഓർമ്മിക്കപ്പെടും. വെള്ളിത്തിരയിലെ ആ ചിരി മാഞ്ഞെങ്കിലും, അദ്ദേഹം ബാക്കിവെച്ച അവിസ്മരണീയമായ കഥാപാത്രങ്ങളിലൂടെ ശ്രീനിവാസൻ നമ്മുടെ മനസ്സിൽ എന്നും ജീവിക്കും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു. ഈ വിയോഗം താങ്ങാനുള്ള കരുത്ത് അവർക്കുണ്ടാകട്ടെ.

ശനിയാഴ്ച രാവിലെയോടെയായിരുന്നു ശ്രീനിവാസന്റെ വിയോഗം. ദീർഘനാളായി അസുഖബാധിതനായി ഉദയംപേരൂരിലെ വീട്ടിൽ ചികിത്സയിലായിരുന്നു. പെട്ടെന്ന് അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് തൃപ്പൂണിത്തുറയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com