ചിരിയും ചിന്തകളും ബാക്കിയാക്കി ശ്രീനി മടങ്ങി

ചിരിയും ചിന്തകളും ബാക്കിയാക്കി ശ്രീനി മടങ്ങി

മക്കളായ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും ചേർന്ന് ചിതയ്ക്ക് തീകൊളുത്തി.
Published on

അന്തരിച്ച നടന്‍ ശ്രീനിവാസനെ കണ്ടനാട്ടെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. നിരവധി പേരാണ് ശ്രീനിവാസനെ അവസാനമായി ഒരുനോക്കു കാണാന്‍ കണ്ടനാട്ടെ വീട്ടിലെത്തിയത്. പത്ത് മണിയോടെ ആരംഭിച്ച സംസ്കാര ചടങ്ങുകൾ 12 മണിയോടെയാണ് അവസാനിച്ചത്. മക്കളായ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും ചേർന്ന് ചിതയ്ക്ക് തീകൊളുത്തി.

അസുഖബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്ന ശ്രീനിവാസന്‍ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്.

തൃപ്പുണിത്തറ ഉദയംപേരൂരിലെ വീട്ടിലായിരുന്ന ശ്രീനിവാസനെ രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നിരവധി പേരാണ് ശ്രീനിവാസന്റെ വിയോഗത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചത്. തന്റെ സുഹൃത്തും സഹാപാഠിയുമായിരുന്നു അദ്ദേഹമെന്ന് നടന്‍ രജനികാന്ത് ഓര്‍ത്തു. നടന്‍ സൂര്യ ഇന്ന് രാവിലെ കണ്ടനാട്ടെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.

കഴിഞ്ഞ ദിവസം വീട്ടില്‍ നടന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും ഏറെ നേരം അവസാനമായി തങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തിനോടൊപ്പമിരുന്നു. ശ്രീനി യാത്ര പറയാതെ മടങ്ങിയെന്നായിരുന്നു മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഓര്‍ക്കാതിരിക്കാന്‍ പറ്റുന്നില്ല സുഹൃത്തേ നിന്നെ എന്നായിരുന്നു മമ്മൂട്ടി കുറിച്ചത്.

News Malayalam 24x7
newsmalayalam.com