തിരുവനന്തപുരം: സംസ്ഥാനം വീണ്ടും പരീക്ഷ ചൂടിലേക്ക്. എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ നാളെ ആരംഭിക്കും. 13 ലക്ഷത്തിലധികം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. പശ്ചിമേഷ്യൻ സംഘർഷം മൂലം ഗൾഫ് മേഖലയിലെ പരീക്ഷകൾ മാറ്റി വച്ചിട്ടുണ്ട്.
സംസ്ഥാനത്തെ 3031 പരീക്ഷാകേന്ദ്രങ്ങളിലായി 4,17,497 വിദ്യാർഥികളും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലായി 386 കുട്ടികളും അടക്കം 4,18,516 വിദ്യാർഥികളാണ് നാളെ എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. 26,000ത്തോളം അധ്യാപകരെ നിയമിച്ച് മൂല്യനിർണയം, ഏപ്രിൽ 7ന് ആരംഭിച്ച് ഏപ്രിൽ 28ന് പൂർത്തീകരിക്കും. മേയ് എട്ടിനാണ് എസ്എസ്എൽസി പരീക്ഷാ ഫലപ്രഖ്യാപനം. റിസൾട്ട് പ്രസിദ്ധീകരിച്ച് തൊട്ടടുത്ത ദിവസം മുതൽ പ്ലസ് വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാം. കഴിഞ്ഞ വർഷത്തേതിന് സമാനമായി സമയബന്ധിതമായി പ്ലസ് വൺ അഡ്മിഷൻ നടപടികൾ പൂർത്തീകരിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷകളും നാളെ ആരംഭിക്കും. 4,37,854 വിദ്യാർഥികളാണ് ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി ഒന്നാംവർഷ പരീക്ഷ എഴുതുന്നത്. രണ്ടാംവർഷ ഹയർ സെക്കൻഡറി പരീക്ഷകൾ മറ്റന്നാളാണ് തുടങ്ങുക. 4,79,263 വിദ്യാർഥികളാണ് രണ്ടാം വർഷ പരീക്ഷ അഭിമുഖീകരിക്കുന്നത്. 1977 കേന്ദ്രങ്ങൾ ഹയർ സെക്കൻഡറി പരീക്ഷകൾക്കായി സജ്ജമാക്കിയിട്ടുണ്ട്. ഇൻവിജിലേറ്റർമാരായി 29,000ത്തോളം അധ്യാപകരെ നിയോഗിക്കും. 89 ക്യാമ്പുകളിലായി ഏപ്രിൽ 6 മുതൽ മൂല്യനിർണയം ആരംഭിക്കും. മെയ് 22ന് ഫലപ്രഖ്യാപനം നടത്തും.
അതേസമയം പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഗൾഫ് മേഖലകളിൽ നടക്കാനിരുന്ന പരീക്ഷകൾ വിദ്യാഭ്യാസ വകുപ്പ് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.