സ്കൂൾ സമയത്തിലുൾപ്പെടെ മാറ്റം; ആശിർനന്ദയുടെ മരണത്തിന് ശേഷം പാലക്കാട് ശ്രീകൃഷ്ണപുരം സെൻ്റ് ഡൊമിനിക് കോൺവെൻ്റ് സ്കൂൾ വീണ്ടും തുറന്നു

പിടിഎയുടെ ആവശ്യപ്രകാരമാണ് സ്കൂൾ സമയത്തിൽ മാറ്റം വരുത്തിയത്.
ആശിർനന്ദ, സെൻ്റ് ഡൊമിനിക് കോൺവെൻ്റ് സ്കൂൾ
ആശിർനന്ദ, സെൻ്റ് ഡൊമിനിക് കോൺവെൻ്റ് സ്കൂൾSource: News Malayalam 24x7
Published on

പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാർഥിനി ആശിർനന്ദ ജീവനൊടുക്കിയതിന് പിന്നാലെ ശ്രീകൃഷ്ണപുരം സെൻറ് ഡൊമിനിക് കോൺവെൻറ് സ്കൂളിന്റെ നിയമ സംവിധാനങ്ങളിൽ മാറ്റം. പിടിഎയുടെ ആവശ്യ പ്രകാരമാണ് സ്കൂൾ സമയത്തിൽ മാറ്റം വരുത്തിയത്. രാവിലെ 8.40ന് തുടങ്ങി വൈകീട്ട് 3.40ന് അവസാനിക്കുന്ന തരത്തിലാണ് സമയത്തിന് ക്രമീകരണം.

ഇത് കൂടാതെ, 20 മിനിറ്റായിരുന്ന ഉച്ചയൂൺ സമയം 40 മിനിറ്റായി വർധിപ്പിച്ചു. രണ്ട് ഇടവേളകളുടെ സമയങ്ങൾ 15 മിനിറ്റാക്കി ഉയ൪ത്തി. മഴക്കാലത്ത് ഷൂ ഒഴിവാക്കി ചെരിപ്പിടാമെന്നും മാനേജ്മെൻറ് സമ്മതിച്ചതായി പിടിഎ അറിയിച്ചു. രക്ഷിതാക്കൾക്ക് ഏത് സമയവും സ്കൂളിൽ പ്രവേശിക്കാൻ അനുമതി നൽകാനും തീരുമാനമായിട്ടുണ്ട്.

ആശിർനന്ദ, സെൻ്റ് ഡൊമിനിക് കോൺവെൻ്റ് സ്കൂൾ
"ഗവർണറോട് അനാദരവ് കാട്ടി"; കേരള സർവകലാശാലയിലെ 'ഭാരതാംബ' വിവാദത്തിൽ രജിസ്ട്രാർക്കെതിരെ വിസിയുടെ റിപ്പോർട്ട്

ഒമ്പതാം ക്ലാസ് വിദ്യാർഥിനി ആശിർനന്ദ ജീവനൊടുക്കിയതിന് പിന്നാലെ താൽക്കാലികമായി അടച്ചിരുന്ന പാലക്കാട് ശ്രീകൃഷ്ണപുരം സെൻ്റ് ഡൊമിനിക്സ് കോൺവെൻ്റ് സ്കൂൾ ഇന്നാണ് വീണ്ടും തുറന്നത്. പുതിയതായി തെരഞ്ഞെടുത്ത പിടിഎ ഭാരവാഹികളുടെ സാന്നിധ്യത്തിലായിരുന്നു സ്കൂൾ തുറന്നത്. ആശിർനന്ദയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് സ്കൂൾ അസംബ്ലിയും ചേർന്നിരുന്നു. സ്കൂളിൽ പുതിയ പ്രിൻസിപ്പാളായി സിസ്റ്റർ പൗലിയും, വൈസ് പ്രിൻസിപ്പാളായി സിസ്റ്റർ ജൂലിയും ചുമതലയേറ്റെടുത്തു.

കഴിഞ്ഞ ആഴ്ചയാണ് ആശിർനന്ദയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്കൂളിൽ നടത്തിയ പരീക്ഷകളിൽ മാർക്ക് കുറഞ്ഞതിനെത്തുടർന്ന് ആശിർനന്ദയെ നിലവിലുള്ള ക്ലാസിൽ നിന്നും മറ്റൊരു ക്ലാസിലേക്ക് മാറ്റിയിരുന്നു. ഇതിൽ മനംനൊന്താണ് ആശിർനന്ദ ജീവനൊടുക്കിയതെന്നായിരുന്നു കുടുംബത്തിൻ്റെ ആരോപണം. സെൻ്റ്. ഡൊമിനിക് സ്കൂളിൽ മാനസിക സമ്മർദമുണ്ടാക്കുന്ന തരത്തിലാണ് അധ്യാപകരുടെ പെരുമാറ്റമെന്നും, ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും ആരോപിച്ച് മറ്റ് വിദ്യാർഥികളും രക്ഷിതാക്കളും രംഗത്തെത്തിയിരുന്നു. വലിയ പ്രതിഷേധമാണ് പിന്നീട് സ്കൂളിന് നേരെ ഉയർന്നത്. ആശിർനന്ദയുടേത് എന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് സുഹൃത്ത് പൊലീസിന് കൈമാറിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com