കന്യാസ്ത്രീകളുടെ അറസ്റ്റ്; ദേശീയ തലത്തിൽ ഇടപെടലാവശ്യപ്പെട്ട് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ

മതപരിവർത്തന നിയമത്തിന്റെ മറവിൽ ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന അവസ്ഥയാണ് രാജ്യത്ത് നിലനിൽക്കുന്നത്. ചില തീവ്ര സംഘടനകൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നിയമത്തെ അട്ടിമറിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്.
കന്യാസ്ത്രീകളുടെ അറസ്റ്റ്
കന്യാസ്ത്രീകളുടെ അറസ്റ്റ്Source; News Malayalam 24X7
Published on

ചത്തീസ്‌ഗഡ്; മനുഷ്യക്കടത്താരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ. ദേശീയതലത്തിൽ ഇടപെടലാവശ്യപ്പെട്ടാണ് പ്രതികരണം. ഛത്തീസ്ഗഡിൽ ആൾക്കൂട്ട വിചാരണയ്ക്കും അറസ്റ്റിനും വിധേയരായ കന്യാസ്ത്രീകളുടെ വിഷയത്തിൽ ദേശീയ ന്യൂനപക്ഷ കമ്മീഷനും കേന്ദ്ര സർക്കാരും അടിയന്തര ഇടപെടൽ നടത്തണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ് ആവശ്യപ്പെട്ടു.

മതപരമായ പ്രവർത്തനങ്ങളെ വർഗ്ഗീയമായി കാണുന്ന സമീപനം നിയമവാഴ്ചയെയും രാജ്യത്തിന്റെ മതേതര സങ്കൽപ്പത്തെയും സാരമായി ബാധിക്കും. മതപരിവർത്തന നിയമത്തിന്റെ മറവിൽ ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന അവസ്ഥയാണ് രാജ്യത്ത് നിലനിൽക്കുന്നത്. ചില തീവ്ര സംഘടനകൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നിയമത്തെ അട്ടിമറിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്.

ഉത്തരേന്ത്യയിൽ മതന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചുവരുന്നതിൽ ആശങ്ക രേഖപ്പെടുത്തിയ കമ്മീഷൻ ചെയർമാൻ അറസ്റ്റിലായ കന്യാസ്ത്രീകളുടെ മോചനം ഉടൻ ഉറപ്പാക്കണമെന്നും കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടു.

അതേ സമയം കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ക്രിസ്ത്യൻ സംഘടനകളും. കോൺഗ്രസ് ഇടത് നേതാക്കളും വിഷയത്തിൽ ഇടപെട്ട് പ്രതികരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാന മന്ത്രിക്ക് കത്തയച്ചു. കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതിഷേധം ശക്തമാക്കി യുഎഡിഎഫ്, എല്‍ഡിഎഫ് എംപിമാര്‍ രംഗത്തുവന്നു. വിഷയത്തില്‍ മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ് പ്രതികരിച്ചു.

കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട പ്രതിഷേധത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരു സഭകളും നിര്‍ത്തിവെക്കുകയും ചെയ്തു. ഒരു മണിവരെയാണ് സഭ നിര്‍ത്തിവെച്ചത്. നേരത്തെ 12 മണിവരെ സഭ നിര്‍ത്തിവെച്ചിരുന്നെങ്കിലും പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് വീണ്ടും ഒരു മണിവരെ സഭ നിര്‍ത്തിവെക്കുന്നതായി അറിയിക്കുകയായിരുന്നു.

അസീസി സിസ്റ്റേഴ്സ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെയാണ് കഴിഞ്ഞ ദിവസം ദുർഗിൽ വെച്ച് അറസ്റ്റ് ചെയ്തത്. ബജ്‌രംഗ്ദൾ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി സ്വീകരിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com