കൗമാര കേരളത്തിന് കൊടിയേറ്റം; സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ദീപശിഖ തെളിയിച്ച് മുഖ്യമന്ത്രി

പി.ടി. ഉഷയെയാണ് ദീപശിഖ തെളിയിക്കാൻ നിശ്ചയിച്ചിരുന്നെങ്കിലും മുഖ്യമന്ത്രിയാണ് ദീപശിഖ തെളിയിച്ചത്
കൗമാര കേരളത്തിന് കൊടിയേറ്റം; സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ദീപശിഖ തെളിയിച്ച് മുഖ്യമന്ത്രി
Published on: 
Updated on: 

കോഴിക്കോട് : സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തുടക്കം. ദീപശിഖ തെളിയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ദീപശിഖ തെളിയിക്കാൻ നേരത്തെ നിശ്ചയിച്ചിരുന്നത് ഒളിമ്പ്യനും രാജ്യസഭാംഗവുമായ പി.ടി. ഉഷയെയായിരുന്നു. എന്നാൽ പി ടി ഉഷയ്ക്ക് വേദിയിലേക്ക് കയറാൻ സാധിക്കാത്തതിനാൽ മുഖ്യമന്ത്രി തന്നെ ദീപശിഖ തെളിയിക്കുകയായിരുന്നു.

യുഡിഎഫ് സർക്കാർ കായിക മേഖലയ്ക്ക് വലിയ മുൻഗണന നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടന വേദിയിൽ പറഞ്ഞു. കേരളത്തിൽ നിന്നും സംസ്ഥാനത്തിന് പുറത്തേക്ക് മത്സരങ്ങൾക്ക് പോകുന്ന എല്ലാ കായിക താരങ്ങൾക്കും എല്ലാവിധ അലവൻസും സർക്കാർ നൽകുമെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് അന്താരാഷ്ട്ര നിലവാരമുള്ള ഒരു ഫുട്ബോൾ സ്റ്റേഡിയം പ്രഖ്യാപിച്ചിട്ടുണ്ട്. അതിന്റെ നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്കൂളുകളിൽ കൂടുതൽ കായിക അധ്യാപകരെ നിയമിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. നമ്മുടെ കുഞ്ഞുങ്ങളെ ലഹരി മാഫിയക്ക് വിട്ടുകൊടുക്കാൻ തയ്യാറല്ലെന്ന് വി.ഡി. സതീശൻ പറഞ്ഞു, ലഹരിക്കുള്ള മറുപടിയാണ് കായികമെന്നും അദ്ദേഹം പ്രസംഗത്തിൽ കൂട്ടിച്ചേർത്തു

ലോക മത്സരങ്ങളിൽ ഇന്ന് കേരളത്തിന്റെ സാന്നിധ്യമുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. കേരളത്തിന്റെ പേരെടുത്ത കായികതാരങ്ങൾ തുടക്കം കുറിച്ചത് സ്കൂൾ കായികമേളയിൽ നിന്നാണ്, പുതിയ സർക്കാർ ഭിന്നശേഷി കുട്ടികളെ ഈ കായികമേളയോട് ചേർത്ത് പിടിച്ചിരിക്കുകയാണെന്നും മന്ത്രി വേദിയിൽ പറഞ്ഞു. മുൻപ് 500 കുട്ടികൾക്ക് ഒരു കായിക അധ്യാപകൻ എന്ന നിലയിലായിരുന്നു സ്ഥിതി, എന്നാൽ ഇപ്പോൾ 300 കുട്ടികൾക്ക് ഒരു കായിക അധ്യാപകൻ എന്ന നിലയിലേക്ക് സാഹചര്യം മാറിയെന്നും മന്ത്രി പറഞ്ഞു

News Malayalam 24x7
newsmalayalam.com