
കോഴിക്കോട്: പന്തീരാങ്കാവ് മുതുവന തറയില്‍ മൂന്നു പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചതോടെ ആശങ്കയിലായി പ്രദേശവാസികള്‍. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ പരിശോധനയിലാണ് തെരുവുനായക്ക് പേവിഷബാധ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസമാണ് പന്തീരാങ്കാവ് മുതുവന തറയില്‍ തെരുവുനായ ആക്രമണം ഉണ്ടാകുന്നത്. എടക്കക്കലപുറത്ത് രാധ, തോട്ടൂളി ചന്ദ്രന്‍, ഇവരുടെ ഭാര്യ രമണി എന്നിവര്‍ക്ക് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. നെറ്റിയിലും, തലക്കും, കഴുത്തിനും, കൈകള്‍ക്കും ആഴത്തില്‍ മുറിവേറ്റ മൂന്നു പേരെയും ഉടന്‍തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. അവിടെ നിന്നും പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വീട്ടിലേക്ക് തിരിച്ച് അയച്ചു. അതിനിടയിലാണ് ഇവരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്.
തെരുവുനായയുടെ ആക്രമണം നടന്ന സ്ഥലത്ത് ആരോഗ്യ വകുപ്പും ഗ്രാമപഞ്ചായത്തും ബോധവല്‍ക്കരണ ക്ലാസും ജാഗ്രത നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. കടിച്ചവരുമായി അടുത്ത് ഇടപഴകിയവരെ കണ്ടെത്തി വാക്‌സിനേഷന്‍ ഉള്‍പ്പെടെയുള്ള പ്രാഥമിക ചികിത്സയും നല്‍കി.
മുതുവനതറയില്‍ തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥലത്തെ മുഴുവന്‍ തെരുവ് നായകളെയും വാക്‌സിനേഷന്‍ ചെയ്യാനുള്ള നടപടികളും ആരംഭിച്ചു.
അതേസമയം തെരുവ് നായയുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റ ഒരാളെ തുടര്‍ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും, മറ്റൊരാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.