"ഗർഭിണിയായിരിക്കെ കഴുത്തിൽ ബെൽറ്റ് മുറുക്കി വലിച്ചു, സ്ത്രീധനത്തിൻ്റെ പേരിൽ കൊല്ലാക്കൊല ചെയ്തു"; ഷാർജയിൽ ജീവനൊടുക്കിയ യുവതിയുടെ കുറിപ്പ് പുറത്ത്

മരണത്തിന് ഉത്തരവാദികൾ ഭർത്താവും ഭർതൃ പിതാവും ഭർതൃ സഹോദരിയുമെന്ന് വിപഞ്ചിക ആത്മഹത്യക്കുറിപ്പിൽ കുറിച്ചിട്ടുണ്ട്.
kollam
ജീവനൊടുക്കിയ വിപഞ്ചിക Source: News Malayalam 24x7
Published on

ഷാർജയിൽ മകളുമായി ജീവനൊടുക്കിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്. സ്ത്രീധനത്തിൻ്റെ പേരിൽ തന്നെ കൊല്ലാക്കൊല ചെയ്തുവെന്നും, ഗർഭിണിയായിരുന്ന സമയത്ത് കഴുത്തിൽ ബെൽറ്റ് മുറുക്കി വലിച്ചുവെന്നും കുറിപ്പിൽ പറയുന്നുണ്ട്. മരണത്തിന് ഉത്തരവാദികൾ ഭർത്താവും ഭർതൃ പിതാവും ഭർതൃ സഹോദരിയുമെന്ന് വിപഞ്ചിക ആത്മഹത്യക്കുറിപ്പിൽ കുറിച്ചിട്ടുണ്ട്.

വിപഞ്ചികയുടെ മരണത്തിൽ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. വിപഞ്ചികയെ കൊലപ്പെടുത്തിയതെന്നാണ് അമ്മയുടെ ആരോപണം. ഭർതൃ പിതാവിനും ഭർതൃ സഹോദരിക്കും വിപഞ്ചികയെ ഇഷ്ടമല്ലായിരുന്നു.

ഭർത്താവിനൊപ്പം പുറത്തു പോകുന്നതിനു പോലും ഭർത്താവിൻ്റെ കുടുംബാംഗങ്ങൾ എതിർത്തിരുന്നു. ഭർത്താവ് നിതീഷ് വിപഞ്ചികയെ ശാരീരികമായി ആക്രമിച്ചിരുന്നുവെന്നും മകൾ സഹിച്ചത് കൊടിയപീഡനമാണെന്നും അമ്മ പറഞ്ഞു.

kollam
ഷാർജയിൽ മകളുമായി യുവതി ജീവനൊടുക്കി; മരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം

"വിപഞ്ചികയുടെ മുടി നിതീഷ് മുറിച്ചുകളഞ്ഞു. മകളുടെ തിരിച്ചറിയൽ രേഖയും സ്വർണവും നിതീഷ് കൈക്കലാക്കി. വിപഞ്ചികയുടെ ജോലി നഷ്ടപ്പെടുത്തി. നിതീഷിനെയും കുടുംബത്തെയും വെറുതെ വിടരുത്" വിപഞ്ചികയുടെ അമ്മ ഷൈലജ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഷാർജയിൽ കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയേയും, മകൾ വൈഭവിയേയും മരിച്ചനിലയിൽ കണ്ടെത്തിയത്. ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റിലായിരുന്നു സംഭവം. മകളെ കൊന്ന് വിപഞ്ചിത ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നി​ഗമനം. വിപഞ്ചിക ദുബായിലെ സ്വകാര്യ കമ്പനിയിൽ എച്ച്ആർ വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു.കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും ഒരു വർഷമായി പിണങ്ങി കഴിയുകയായിരുന്നു.

ഭർത്താവ് നീതീഷ് പണത്തിന് വേണ്ടി നിരന്തരം ഉപദ്രവിച്ചിരുന്നെന്ന വിപഞ്ചികയുടെ ശബ്ദ സന്ദേശം പുറത്തുവന്നിരുന്നു. യുഎഇയിലുള്ള ബന്ധുവിന് അടുത്തിടെ അയച്ച ശബ്ദസന്ദേശത്തില്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. പണത്തോട് ആര്‍ത്തിമൂത്ത ഭര്‍ത്താവിന്റെ വീട്ടുകാര്‍ തന്നെ മരണത്തിലേക്ക് തള്ളിവിട്ടു എന്ന ആരോപണമാണ് വിപഞ്ചികയുടെ ശബ്ദ സന്ദേശത്തിലുള്ളത്.

മകൾ ജനിച്ചിട്ടും ഭർത്താവ് തന്നോട് ഒട്ടും അടുപ്പം കാട്ടിയിട്ടില്ല. സ്വന്തം കുഞ്ഞിൻ്റെ മുഖം കണ്ടിട്ട് പോലും അയാളുടെ മനസ് മാറിയില്ല. ഇനി അയാളിൽ പ്രതീക്ഷയില്ലെന്ന് വിപഞ്ചിക അമ്മയോട് അവസാനമായി പറഞ്ഞിരുന്നു.

വിവാഹ മോചന നോട്ടീസ് ലഭിച്ച വിവരം അമ്മയെ അറിയിച്ച ശേഷം പിന്നീട് വിപഞ്ചികയെ ഫോണിൽ ലഭിച്ചിട്ടിട്ടെന്ന് കുടുംബം പറയുന്നു. വിപഞ്ചികയ്ക്ക് വിവാഹമോചനത്തിന് താല്‍പര്യമുണ്ടായിരുന്നില്ല.

വിവാഹമോചനമുണ്ടായാൽ താൻ ജീവിച്ചിരിക്കില്ലെന്നും വീട്ടു ജോലിക്കാരിയോടും മാതാവിനോടും പറഞ്ഞിരുന്നുവെന്നും കുടുംബം പറയുന്നു. അൽ ബുഹൈറ പൊലീസാണ് വിപഞ്ചികയുടെ മരണത്തിൽ അന്വേഷണം നടത്തുന്നത്. സംഭവത്തിൽ കോൺസുലേറ്റിലും, സിറ്റി പൊലീസ് കമ്മീഷണർക്കും കുടുംബം പരാതി നൽകിയിട്ടുണ്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

Related Stories

No stories found.
News Malayalam 24x7
newsmalayalam.com