കൊച്ചി: എസ്‌എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പള്ളി നടേശനെതിരെ വിമർശനവുമായി എപി കാന്തപുരം വിഭാഗം നേതാവ്. വെള്ളാപ്പളളിയെ വിശ്രമ ജീവിതത്തിന് അയക്കണം എന്ന് സുന്നി യുവജന സംഘം ജനറൽ സെക്രട്ടറി റഹ്‌മത്തുള്ള സഖാഫി എളമരം. വെള്ളാപ്പളളിയുടെ വിദ്വേഷ പരാമർശത്തിനെതിരെയാണ് വിമർശനം.
വർഗീയത പറയുന്ന വെള്ളാപ്പള്ളിയെ സമുദായംഗങ്ങൾ വിശ്രമ ജീവിതത്തിന് അയയ്ക്കണം എന്നാണ് സഖാഫിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. വെള്ളാപ്പളളി ഇങ്ങനെ പോയാൽ സ്വന്തം സമുദായം തന്നെ കൈകാര്യം ചെയ്യുമെന്നാണ് തോന്നുന്നത്. വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നവരോട് സർക്കാരിന്റേത് ഉദാര സമീപനമെന്നും വിമർശനമുണ്ട്. പെറ്റു കൂട്ടാൻ ആഹ്വാനം ചെയ്യുന്ന വെള്ളാപ്പള്ളിക്ക് സമുദായ സ്ത്രീകൾ തന്നെ മറുപടി നൽകണം എന്നും പോസ്റ്റില്‍ റഹ്‌മത്തുള്ള സഖാഫി എളമരം ആവശ്യപ്പെടുന്നു.
കോട്ടയത്ത് നടന്ന എസ്എന്‍ഡിപി നേതൃസംഗമം പരിപാടിയിലായിരുന്നു വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസംഗം. മുസ്ലീം ജനസംഖ്യ കേരളത്തിൽ വർധിക്കുകയാണെന്നും ഈഴവ സമുദായത്തിന് പ്രാധാന്യം കിട്ടുന്നത് തൊഴിലുറപ്പ് പദ്ധതിയിൽ മാത്രമാണെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പരമാർശം. കാന്തപുരം പറയുന്നത് കേട്ട് ഭരിച്ചാൽ മതിയെന്ന സ്ഥിതിയാണ് കേരള സർക്കാരിനെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇതാണ് വിമർശനങ്ങള്‍ക്ക് കാരണമായത്.
വെള്ളാപ്പള്ളി നടേശൻ ഇങ്ങനെ പോയാൽ സ്വന്തം സമുദായം തന്നെ കൈകാര്യം ചെയ്യുമെന്നാണ് തോന്നുന്നത്. ഈഴവ സ്ത്രീകളോട് പെറ്റുകൂട്ടാൻ ആഹ്വാനം ചെയ്യുന്ന വെള്ളാപ്പള്ളിക്ക് സമുദായസ്ത്രീകൾ തന്നെ ഉചിതമായ മറുപടി കൊടുക്കണം. ശ്രീനാരായണഗുരു എന്ന കേരളം ആദരിക്കുന്ന ഒരു മനുഷ്യന്റെ പേരിൽ സംഘടിച്ചു വർഗീയത പറയുന്ന ഇദ്ദേഹത്തെ വിശ്രമ ജീവിതത്തിനയക്കാൻ സമയമായിട്ടുണ്ടെന്ന് സമുദായംഗങ്ങൾ തിരിച്ചറിയേണ്ടിയിരിക്കുന്നു. വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നവരോട് സർക്കാർ സ്വീകരിക്കുന്ന ഉദാരസമീപനമാണ്. ഇതാവർത്തിക്കപ്പെടാൻ കാരണം. രണ്ട് മാസം മുമ്പ് നിലമ്പൂരിൽ പറഞ്ഞതിനെ മുസ്‌ലിം ലീഗിനെ പറഞ്ഞാൻ എങ്ങനെയാണ് 'മുസ്‌ലിം സമുദായത്തെ പറ്റിയാവുക' എന്നു ചോദിച്ചു കൊണ്ടായിരുന്നു ന്യായീകരിച്ചിരുന്നത്. ഇപ്പോൾ മുസ്‌ലിം,ക്രൈസ്തവ സമുദായങ്ങൾക്കെതിരെ ഒന്നിച്ചാണ് വർഗീയത പറഞ്ഞിരിക്കുന്നത്. ഇതിനെ ഏതു പുതപ്പിട്ട് മൂടിയായിരിക്കും സർക്കാർ വെളുപ്പിച്ചെടുക്കുക?