ഡൽഹി: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ആദ്യ ബലാത്സംഗ കേസിലെ പരാതിക്കാരിക്കെതിരായ സൈബർ ആക്രമണത്തിൽ അഡ്വക്കേറ്റ് ദീപ ജോസഫിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. പരാതിക്കാരിയുടെ വിവരങ്ങൾ എന്തിന് പൊതുയിടത്ത് വെളിപ്പെടുത്തിയെന്നും നിങ്ങളൊരു അഭിഭാഷകയല്ലേ എന്നും കോടതി ചോദിച്ചു. പരാതിക്കാരിക്കെതിരെ അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയതിലാണ് കോടതിയുടെ വിമര്‍ശനം. ഭാഷ പ്രയോഗത്തിലും ദീപ ജോസഫിനെ സുപ്രീം കോടതി വിമർശിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിമര്‍ശനം.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകയെ പോലെയാണ് താങ്കള്‍ പെരുമാറുന്നത്. ഒരു വനിതാ അഭിഭാഷകയായ താങ്കൾ ഇത്തരം പോസ്റ്റ് പാടുണ്ടോ എന്നും വിമർശിച്ചു. അഭിഭാഷക ഉപയോഗിച്ച വാക്കുകളില്‍ ഞെട്ടലുണ്ടായെന്നും എന്താണ് എഴുതിയതെന്ന് ഞങ്ങൾ ഇവിടെ വായിക്കണോ എന്നും കോടതി ചോദിച്ചു. ഹര്‍ജി പരിഗണിക്കാന്‍ മതിയായ കാരണം ഇല്ലെന്ന് വ്യക്തമാക്കിയ കോടതി ഹൈക്കോടതിയെ സമീപിക്കാനും നിർദേശം നൽകി. ഡൽഹിയിൽ നിന്നുകൊണ്ട് തന്നെ കേരള ഹൈക്കോടതിയെ സമീപിക്കാന്‍ എളുപ്പമാണ്. രാജ്യത്ത് ഡിജിറ്റലൈസേഷന്‍ നടപ്പാക്കിയ അധുനിക കോടതിയാണ് കേരള ഹൈക്കോടതിയെന്നും സുപ്രീം കോടതി അറിയിച്ചു.
എന്നാൽ പരാതിക്കാരിയുടെ ഭർത്താവ് പറഞ്ഞതാണ് എഴുതിയതെന്നാണ് ദീപ കോടതിയില്‍ പറഞ്ഞത്. അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്ന ഒന്നും പോസ്റ്റിലില്ല. കുറ്റം ചെയ്തുവെങ്കില്‍ പ്രൊസിക്യൂഷന്‍ നടപടി നേരിടാമെന്ന് ദീപ ജോസഫ് കോടതിയിൽ പറഞ്ഞു. അതിജീവിതയുടെ ഭര്‍ത്താവ് അഭിഭാഷകനോട് പറഞ്ഞ വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ എഴുതുന്നത് പ്രൊഫഷണല്‍ സമീപനമാണോ എന്നായിരുന്നു ദീപ ജോസഫിൻ്റെ മറുപടിയിൽ സുപ്രീം കോടതി ചോദിച്ചത്. ഇത് ചെയ്തത് ഒരു പുരുഷനായിരുന്നുവെങ്കില്‍ അറസ്റ്റിന് ഉത്തരവിടുമായിരുന്നു. സ്ത്രീയെന്ന പരിഗണന നല്‍കിയാണ് ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുന്നതെന്നും സുപ്രീം കോടതി വ്യക്തമാക്കി.
സംഭവത്തിൽ കേസടുത്തതിനെ ചോദ്യം ചെയ്തായിരുന്നു ദീപ ജോസഫിന്റെ ഹർജി. കേസിൽ പരാതിക്കാരി തടസഹർജി നൽകിയിരുന്നു. തന്നെയും കേസിലെ മറ്റു പരാതിക്കാരെയും ദീപ നിരന്തരം വേട്ടയാടുകയാണെന്നും സുപ്രീം കോടതിയിൽ ദീപ നൽകിയ സത്യവാങ്മൂലവും വക്കാലത്തും വ്യാജമാണെന്നും ആരോപിച്ചാണ് പരാതിക്കാരി കോടതിയിൽ അപേക്ഷ നൽകിയത്. ദീപ ജോസഫിനെതിരെ കടുത്ത ആരോപണങ്ങളുമായാണ് കേസിലെ ആദ്യ പരാതിക്കാരി സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയത്. ദീപ ജോസഫ് സൈബർ വെട്ടുകിളി കൂട്ടത്തിന്‍റെ നേതാവാണെന്ന് പരാതിക്കാരി വിമർശിച്ചു. സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ എഫ്ബി പോസ്റ്റുകളുടെ വിവർത്തനം ദീപ ജോസഫ് വളച്ചൊടിച്ചുവെന്നും പരാതിക്കാരി ആരോപിച്ചിരുന്നു.