

ന്യൂഡല്‍ഹി: മുനമ്പം ഹൈക്കോടതി വിധിക്ക് സുപ്രീം കോടതിയുടെ സ്‌റ്റേ. വഖഫ് സംരക്ഷണ വേദി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. മുനമ്പം ഭൂമി വഖഫ് അല്ലെന്ന ഹൈക്കോടതിയുടെ ഉത്തരവാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്.
ജനുവരി 27 വരെ തല്‍സ്ഥിതി തുടരാന്‍ നിര്‍ദേശം. ജസ്റ്റിസ് മനോജ് മിശ്ര, ജസ്റ്റിസ് ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഉത്തരവ് സ്‌റ്റേ ചെയ്തത്. എന്നാല്‍, മുനമ്പത്തെ 404.76 ഏക്കര്‍ വസ്തുവിന്റെ നിലയും വ്യാപ്തിയും പരിശോധിക്കാന്‍ ഏകാംഗ അന്വേഷണ കമ്മീഷനെ നിയമിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ശരിവച്ച ഹൈക്കോടതിയുടെ നിരീക്ഷണം സ്റ്റേ ചെയ്തിട്ടില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.
വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ എന്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയില്ലെന്നും സുപ്രീം കോടതി ചോദിച്ചു. മുനമ്പത്തെ ഭൂമി വഖഫ് ആണോ അല്ലയോ എന്നത് കേരള ഹൈക്കോടതിയുടെ പരിഗണനയില്‍ ഉണ്ടായിരുന്ന ഹര്‍ജിയിലെ വിഷയയമായിരുന്നില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. പരിഗണനാ വിഷയം മറികടന്നാണ് ഹൈക്കോടതി വിധിയെന്നും സുപ്രീം കോടതിവ്യക്തമാക്കി. ഭൂമി വഖഫ് അല്ലെന്ന ഭാഗം മാത്രമാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്.
തങ്ങള്‍ വെറും പൊതു താത്പര്യക്കാരല്ലെന്നും വഖഫ് ഭൂമിയില്‍ അവകാശം ഉള്ളവരാണെന്നുമായിരുന്നു ഹര്‍ജിക്കാരായ വഖഫ് സംരക്ഷണ വേദിക്കു വേണ്ടി ഹാജരായ അഭിഭാഷകരായ ഹുഫേസ അഹമ്മദിയും അബ്ദുള്ള നസീഹും കോടതിയില്‍ പറഞ്ഞത്.