സുരേഷ് ബാബുവിനെതിരെ സമാന സ്വഭാവമുള്ള വേറെയും പരാതികൾ? കടുത്ത നടപടിക്ക് സിപിഐഎം; ഒതുക്കി തീർക്കാന്‍ ശ്രമമെന്ന് കോണ്‍ഗ്രസ്

സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കിയത് തെറ്റുതിരുത്തലിന്റെ ഭാഗമായെന്ന് എം.വി. ഗോവിന്ദൻ
സുരേഷ് ബാബുവിനെതിരെ സമാന സ്വഭാവമുള്ള വേറെയും പരാതികൾ? കടുത്ത നടപടിക്ക് സിപിഐഎം; ഒതുക്കി തീർക്കാന്‍ ശ്രമമെന്ന് കോണ്‍ഗ്രസ്
Published on: 
Updated on: 

അഭിഭാഷകയുടെ പരാതിയിൽ പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനം തെറിച്ച ഇ.എൻ. സുരേഷ് ബാബുവിനെതിരെ കൂടുതൽ കടുത്ത നടപടിക്കൊരുങ്ങി സിപിഐഎം. ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കിയത് തെറ്റുതിരുത്തലിന്റെ ഭാഗമാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ചുതന്നെയാണ് സുരേഷ് ബാബു അഭിഭാഷകയോട് മോശമായി പെരുമാറിയതെന്നാണ് വിവരം. പരാതിയുടെ ഗുരുതര സ്വഭാവം പരിഗണിച്ച് സംസ്ഥാന, ജില്ലാ ഘടകങ്ങളിൽ നിന്ന് സുരേഷ് ബാബുവിനെ നീക്കിയേക്കും. വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിൽ മാത്രം നടപടി ഒതുക്കരുതെന്നാണ് പാലക്കാട് ജില്ലാ കമ്മിറ്റിയുടേയും പൊതുവികാരം.

ഇ.എൻ. സുരേഷ് ബാബുവിനെതിരെ പരാതി കിട്ടിയിട്ടില്ലെന്ന് പുറത്തുപറയുമ്പോഴും പാലക്കാട് ജില്ലാ സെക്രട്ടറിയെ മാറ്റിയത് തെറ്റ് തിരുത്തലിന്റെ ഭാഗം തന്നെ എന്നത് എം.വി. ഗോവിന്ദൻ മറച്ചുവച്ചില്ല. സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ച് തന്നെയാണ് പീഡനശ്രമം നടന്നതെന്നാണ് വിവരം. ഇത് സംബന്ധിച്ച തെളിവുകളും അഭിഭാഷക പാർട്ടിക്ക് കൈമാറിയിട്ടുണ്ട്. സമാന സ്വഭാവമുള്ള വേറെയും പരാതികൾ സുരേഷ് ബാബുവിനെതിരെ ഉണ്ടെന്നാണ് വിവരം. ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയതിൽ മാത്രം നടപടി അവസാനിപ്പിക്കരുതെന്നാണ് പാലക്കാട് ജില്ലാ കമ്മിറ്റിയിലേയും ജില്ലാ സെക്രട്ടേറിയറ്റിലേയും പൊതുവികാരം.

ജില്ലയിൽ നിന്നുള്ള കേന്ദ്ര,സംസ്ഥാന വനിതാ നേതാക്കൾ യുവതിയുടെ പീഡന പരാതി വിശദമായി അന്വേഷിച്ച് സംസ്ഥാന നേതൃത്വത്തിന് റിപ്പോർട്ട് നൽകിയിരുന്നു.. വിപുലീകൃത ജില്ലാ കമ്മിറ്റികൾക്ക് ശേഷം ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ സുരേഷ് ബാബുവിനെതിരെ കൂടുതൽ നടപടിയുണ്ടാകും. സംസ്ഥാന കമ്മിറ്റിയിൽ നിന്നും ജില്ലാ കമ്മിറ്റിയിൽ നിന്നും പുറത്താക്കിയേക്കും.

സുരേഷ് ബാബുവിനെതിരെ സമാന സ്വഭാവമുള്ള വേറെയും പരാതികൾ? കടുത്ത നടപടിക്ക് സിപിഐഎം; ഒതുക്കി തീർക്കാന്‍ ശ്രമമെന്ന് കോണ്‍ഗ്രസ്
ഡൽഹിയില്‍ രാത്രി ഒറ്റയ്ക്ക് നടക്കുമ്പോഴും സ്ത്രീകള്‍ക്ക് സുരക്ഷിതത്വം തോന്നണം; കുറ്റകൃത്യം ചെയ്യാൻ പുരുഷന്മാർ പേടിക്കണം: സുപ്രീം കോടതി

അതേസമയം, പീഡന പരാതികൾ ഒതുക്കി തീർക്കാനാണ് സിപിഐഎമ്മിൻ്റെ ശ്രമമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ആരോപിച്ചു. യുവതിയുടെ പരാതി പോലീസിനാണ് കൈമാറേണ്ടത്. പ്രതിപക്ഷത്തായിരുന്നപ്പോള്‍, കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ തനിക്ക് പരാതി ലഭിച്ചപ്പോള്‍, ഡിജിപിക്കാണ് കൈമാറിയതെന്നും സണ്ണി ജോസഫ് ഓര്‍മിപ്പിച്ചു.

ജില്ലാ ഓഫീസിൽ വെച്ച് യുവതിയോട് മോശമായി പെരുമാറി എന്നുണ്ടെങ്കിൽ സംസ്ഥാന നേതൃത്വം കർശന നടപടി എടുക്കുമെന്ന് എൻ.എൻ. കൃഷ്ണദാസ് പ്രതികരിച്ചു. ഇതൊന്നും പാർട്ടി വച്ചുപൊറുപ്പിക്കില്ല. അസാധാരണ സാഹചര്യങ്ങളിൽ അസാധാരണ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റിയത് നടപടി തന്നെയെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി. ശിവൻകുട്ടിയും സ്ഥിരീകരിച്ചു. എന്നാൽ സുരേഷ് ബാബു ഒഴിഞ്ഞത് വ്യക്തിപരമായ കാരണത്താൽ എന്ന് ആവർത്തിക്കകയാണ് പുതിയ സെക്രട്ടറി വി. ചെന്താമരാക്ഷൻ.

സമ്മേളന കാലത്തല്ലാതെ ജില്ലാ സെക്രട്ടറിയെ മാറ്റുന്നത് സിപിഐഎമ്മിൽ അസാധാരണ നടപടിയാണ്. ഇന്നലെയാണ് പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് സുരേഷ് ബാബുവിനെ മാറ്റി, മുൻ എംഎൽഎ വി. ചെന്താമരാക്ഷനെ സെക്രട്ടറിയായി നിശ്ചയിച്ചത്. സുരേഷ് ബാബുവിനെതിരെ നടപടിയെടുത്തേ പറ്റൂ എന്ന് വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ പിണറായി വിജയൻ കർശന നിലപാട് എടുത്തതായാണ് വിവരം.

News Malayalam 24x7
newsmalayalam.com