"അടിയന്തരമായി ഡൽഹിയിലേക്ക് പോണം, ഓണാഘോഷ പരിപാടികളിലും പുലിക്കളിയിലും പങ്കെടുക്കില്ല"; തൃശൂരിലെ ജനങ്ങളോട് ക്ഷമ ചോദിച്ച് സുരേഷ് ഗോപി

അടിയന്തരമായി ഡൽഹിയിലേക്ക് പോകേണ്ടത് കൊണ്ടാണ് പരിപാടികൾ റദ്ദാക്കുന്നതെന്നും സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു
"അടിയന്തരമായി ഡൽഹിയിലേക്ക് പോണം, ഓണാഘോഷ പരിപാടികളിലും പുലിക്കളിയിലും പങ്കെടുക്കില്ല"; തൃശൂരിലെ ജനങ്ങളോട് ക്ഷമ ചോദിച്ച് സുരേഷ് ഗോപി
Published on

തൃശൂർ: ജില്ലയിലെ ഓണാഘോഷത്തിലും പുലിക്കളിയിലും പങ്കെടുക്കില്ലെന്നറിയിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അടിയന്തരമായി ഡൽഹിയിലേക്ക് പോകേണ്ടത് കൊണ്ടാണ് പരിപാടികൾ റദ്ദാക്കുന്നതെന്നും സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം

തൃശൂരിലെ പ്രിയപ്പെട്ട ജനങ്ങളോടും, നാളെ തൃശൂരില്‍ നടക്കുന്ന ഓണാഘോഷത്തിലും പുലിക്കളി മഹോത്സവത്തിലും എന്റെ സാന്നിധ്യം പ്രതീക്ഷിച്ചിരുന്ന എല്ലാവരോടും ഞാൻ ഹൃദയപൂർവം ക്ഷമ ചോദിക്കുന്നു.

ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ ഉടൻ ഡല്‍ഹിയില്‍ എത്തണം എന്ന നിര്‍ദേശം ലഭിച്ചതിനാൽ, ഇന്ന് വൈകുന്നേരം 4 മണി മുതൽ നിശ്ചയിച്ചിരുന്ന എല്ലാ പരിപാടികളും റദ്ദാക്കി എത്രയും വേഗം ന്യൂഡൽഹിയിലേക്ക് പോകേണ്ടി വന്നിരിക്കുകയാണ്.

ഓണാഘോഷത്തിന്റെയും പുലിക്കളി മഹോത്സവത്തിന്റെയും ഉദ്‌ഘാടനത്തിനും ഗുരുദേവ ജയന്തി പ്രമാണിച്ച് എല്ലാ കൊല്ലവും നടത്തുന്ന മഞ്ഞ കടലില്‍ സംഗമത്തിലും പങ്കെടുക്കാൻ കഴിയാത്തതിൽ എനിക്ക് ഏറെ ഖേദമുണ്ട്. അതുപോലെ, ഇരിങ്ങാലക്കുട സ്റ്റേഷനിൽ പാലരുവി എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിലും പങ്കെടുക്കാൻ കഴിയില്ല. എന്നിരുന്നാലും, ഇരിങ്ങാലക്കുടയിൽ നിന്ന് യാത്രക്കാരുടെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങ് ഞാൻ വിലമതിക്കുകയും പൂർണമായും അംഗീകരിക്കുകയും ചെയ്യുന്നു.

ഇരിങ്ങാലക്കുടയിൽ മറ്റൊരു പ്രധാന ട്രെയിൻ സ്റ്റോപ്പ് ഉടൻ ലഭ്യമാക്കാൻ ഞാൻ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. അത് പൂർത്തിയായാൽ, അതിന്റെ ഫ്ലാഗ് ഓഫ് നമ്മൾ ഒരുമിച്ച് വലിയ സന്തോഷത്തോടു കൂടി ആഘോഷിക്കുമെന്ന് ഉറപ്പുനൽകുന്നു.

രാജ്യത്തിന്റെ ആഹ്വാനം മുൻഗണന ലഭിക്കേണ്ടതാണ് എന്നത് നിങ്ങൾ എല്ലാവരും മനസിലാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഒരിക്കല്‍ കൂടി ക്ഷമ ചോദിച്ചു കൊണ്ട്,

നിങ്ങളുടെ സ്വന്തം,

സുരേഷ് ഗോപി

Related Stories

No stories found.
News Malayalam 24x7
newsmalayalam.com