'നിങ്ങളുടെ മന്ത്രി ഇവിടല്ലേ താമസിക്കുന്നത്, അവരോട് ചോദിക്കൂ'; സുരേഷ് ഗോപിയുടെ കലുങ്ക് സംവാദം വീണ്ടും വിവാദത്തില്‍

മുഖ്യമന്ത്രിയുടെ അടുത്തേക്ക് പോകാന്‍ വഴി അറിയില്ല എന്ന് പറഞ്ഞപ്പോള്‍ പത്രക്കാരോട് ചോദിക്കാനായിരുന്നു സുരേഷ് ഗോപിയുടെ പരിഹാസം
NEWS MALAYALAM 24x7
NEWS MALAYALAM 24x7
Published on

തൃശൂർ: ഇരിങ്ങാലക്കുടയില്‍ നടന്ന കലുങ്ക് സംവാദം പരിപാടിയില്‍ സഹായം ചോദിച്ച വയോധികയെ അപമാനിച്ച് സുരേഷ് ഗോപി. കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപം തിരികെ ലഭിക്കണം എന്ന ആവശ്യവുമായാണ് വയോധിക എത്തിയത്. ഇതിനു മറുപടിയായി, "ചേച്ചി അധികം വര്‍ത്തമാനം പറയേണ്ട, ഇഡിയില്‍നിന്ന് പണം ലഭിക്കാന്‍ മുഖ്യമന്ത്രിയെ സമീപിക്കൂ" എന്നായിരുന്നു മറുപടി.

മുഖ്യമന്ത്രിയുടെ അടുത്തേക്ക് പോകാനുള്ള വഴി അറിയില്ലെന്ന് വയോധിക പറയുമ്പോള്‍ പത്രക്കാരോട് ചോദിച്ചാല്‍ മതിയെന്നായിരുന്നു മറുപടി. നിങ്ങളുടെ മന്ത്രി ഇവിടെയല്ലേ താമസിക്കുന്നതെന്നും സുരേഷ് ഗോപി ചോദിക്കുന്നുണ്ട്. ഇതിനു മറുപടിയായി സാറല്ലേ ഞങ്ങളുടെ മന്ത്രിയെന്ന് വയോധിക തിരിച്ചു ചോദിക്കുമ്പോള്‍, അല്ല... ഞാനീ രാജ്യത്തിന്റെ മന്ത്രിയാണെന്നാണ് തൃശൂര്‍ എംപിയുടെ മറുപടി.

NEWS MALAYALAM 24x7
വയോധികന്റെ നിവേദനം കൈപ്പറ്റാതിരുന്നത് കൈപ്പിഴ; അത് ചൂണ്ടിക്കാട്ടി തീഗോളത്തെ കെടുത്താൻ ശ്രമിക്കേണ്ട; സുരേഷ് ഗോപി

സുരേഷ് ഗോപിയുടെ കലുങ്ക് സംവാദം വീണ്ടും വിവാദമായതോടെ പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റുമെത്തി. 'വെറുതേ കലുങ്കിനെ പറയിപ്പിക്കാന്‍' എന്നാണ് മന്ത്രിയുടെ പോസ്റ്റ്.

അതേസമയം, തൃശൂരില്‍ വയോധികനില്‍ നിന്ന് നിവേദനം സ്വീകരിക്കാതിരുന്ന സംഭവം കൈപ്പിഴയെന്ന് സമ്മതിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കൈപ്പിഴകള്‍ ചൂണ്ടിക്കാട്ടി കലുങ്ക് സൗഹൃദ സംവാദ സദസിനെ തകര്‍ക്കാന്‍ നോക്കണ്ട. 14 ജില്ലകളിലും പരിപാടികള്‍ സംഘടിപ്പിക്കും. തന്റെ സിനിമയിലെ കഥാപാത്രമായ ഭരത് ചന്ദ്രനെപ്പോലെ തനിക്കും ചങ്കുറപ്പുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

ഭരത് ചന്ദ്രന് ആകാമെങ്കില്‍ സുരേഷ് ഗോപിക്കും ആകാം. അതിനുള്ള ചങ്കുറപ്പ് തനിക്കുണ്ട്. കേരളത്തിന്റെ 14 ജില്ലകളിലേക്കും കലുങ്ക് സംവാദവുമായി ഇറങ്ങും. ഇതിനെ തടുക്കാന്‍ ആര്‍ക്കും സാധിക്കില്ല.

ജനകീയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും വികസന വിഷയങ്ങള്‍ക്ക് പരിഹാരം കാണാനും ലക്ഷ്യമിട്ട് തുടക്കമിട്ട കലുങ്ക് സംവാദത്തെ ചൊല്ലിയുള്ള വിവാദത്തിന് മറുപടി പറയുകയാണ് കേന്ദ്രമന്ത്രി. തൃശൂര്‍ പുള്ളില്‍ നടന്ന പരിപാടിയില്‍ വയോധികനില്‍ നിന്ന് അപേക്ഷ വാങ്ങാതിരുന്ന സംഭവം കൈപ്പിഴയായിരുന്നു. ചില കൈപ്പിഴകള്‍ കാട്ടി ഈ തീഗോളത്തെ കെടുത്താന്‍ കഴിയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

താന്‍ സിനിമയില്‍ നിന്ന് ഇറങ്ങിയില്ലെന്നാണ് ആക്ഷേപം. സിനിമയില്‍ നിന്നും ഇറങ്ങാന്‍ തനിക്ക് സൗകര്യമില്ല. തന്റെ അധികാര പരിധിയില്‍ നിന്ന് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളേ നടപ്പാക്കാന്‍ പറ്റൂ. ജനങ്ങളുന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടതാണ് ചിലരെ ചൊടിപ്പിച്ചത്. പക്ഷെ അതിനെ തടുക്കാന്‍ ആര്‍ക്കും ആകില്ല..

സമൂഹത്തിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യുകയാണ് കലുങ്ക് സംവാദത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് സുരേഷ് ഗോപിയും ബിജെപിയും നല്‍കുന്ന വിശദീകരണം. എന്നാല്‍ തദ്ദേശ - നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടുള്ള പ്രചാരണങ്ങളും പരിപാടിയുടെ ഭാഗമായി നടക്കുന്നുണ്ട്. കൊടുങ്ങല്ലൂര്‍ മുന്‍സിപ്പിലിറ്റിയും നിയമസഭയും ബിജെപിക്ക് ലഭിച്ചാലേ വികസനപ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകൂ എന്നും അങ്ങനെയെങ്കില്‍ ഫണ്ട് ലഭ്യമാക്കുമെന്നും പറഞ്ഞത് തെരഞ്ഞെടുപ്പ് ഉന്നമിട്ടാണ്. സംസ്ഥാനത്തിന് എംയിസ് ലഭ്യമാക്കുന്നതിനുള്ള പോരാട്ടം ഇപ്പോഴും തുടരുകയാണന്നും ആലപ്പുഴക്ക് എയിംസ് ലഭിച്ചില്ലെങ്കില്‍ തൃശൂരിനായുള്ള പോരാട്ടം സമരമാക്കി മാറ്റുമെന്നും ഇരിങ്ങാലക്കുടയില്‍ കേന്ദ്രമന്ത്രി പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com