

കണ്ണൂര്‍: തനിക്ക് കേന്ദ്രമന്ത്രി സ്ഥാനം വേണ്ടെന്ന് സുരേഷ് ഗോപി. സിനിമയില്‍ തുടരാനാണ് താല്‍പ്പര്യം. സി സദാനന്ദന്‍ എംപിയെ മന്ത്രിയാക്കുമെങ്കില്‍ താന്‍ സ്ഥാനമൊഴിയാന്‍ തയ്യാറെന്നും സുരേഷ് ഗോപി പറഞ്ഞു. കണ്ണൂരില്‍ സി. സദാനന്ദന്‍ എംപിയുടെ ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
സി. സദാനന്ദനെ എംപിയായി വിലസാന്‍ അനുവദിക്കില്ലെന്ന സിപിഐഎം നേതാവ് എം.വി. ജയരാജന്റെ പരാമര്‍ശത്തിനെതിരെ സംസാരിക്കുന്നതിനിടെയാണ് സുരേഷ് ഗോപി കേന്ദ്രമന്ത്രി സ്ഥാനത്തെക്കുറിച്ചും സംസാരിച്ചത്.
'സി. സദാനന്ദന്റെ പാര്‍ലമെന്റ് അംഗത്വം കണ്ണൂരിലെ ജയരാജന്മാരില്‍ അങ്കലാപ്പ് ഉണ്ടാക്കി. കണ്ണൂരിലേക്ക് കൈയ്യെത്തി പിടിക്കാനുള്ള ആദ്യത്തെ വാതില്‍ തുറക്കലാണിത്. എന്നെ ഒഴിവാക്കി സി. സദാനന്ദന്‍ എംപിയെ കേന്ദ്രമന്ത്രിയാക്കിയാല്‍ അതൊരു വലിയ ചരിത്രമാകും. ,' സുരേഷ് ഗോപി പറഞ്ഞു.
അന്നും പറഞ്ഞത് തനിക്ക് സിനിമയാണ് വലുതെന്നാണ്. ഇപ്പോള്‍ സിനിമയില്‍ നിന്നുള്ള വരുമാനം നിലച്ചു. സിനിമയില്‍ തന്നെ സജീവമാകാനാണ് ഇഷ്ടമെന്നും സുരേഷ് ഗോപി കണ്ണൂര്‍ മട്ടന്നൂരില്‍ പറഞ്ഞു.
തന്റെ പ്രജ പരാമര്‍ശത്തിലുണ്ടായ വിവാദങ്ങളെക്കുറിച്ചും സുരേഷ് ഗോപി പ്രതികരിച്ചു. പ്രജയെന്ന് വിളിച്ചാല്‍ എന്താണ് കുഴപ്പം? ജനതയ്ഗക്ക് പറയുന്ന നവീകരിച്ച പേരാകണം പ്രജ. പ്രജയെന്ന് പറഞ്ഞാല്‍ എന്താണെന്ന് ആദ്യം പഠിക്കണം എന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.
ഇപ്പോള്‍ എല്ലാം വളച്ചൊടിക്കുന്ന രീതിയാണ്. വോട്ട് വാങ്ങാന്‍ അപ്പുറത്ത് രാജാവുണ്ടെന്ന രീതിയില്‍ നികൃഷ്ട ജീവികള്‍ അതിനെ വളച്ചൊടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തന്നെ പൂച്ചാണ്ടി കാണിച്ച് പേടിപ്പിക്കേണ്ടെന്നും പറയാനുള്ളത് പറഞ്ഞുകൊണ്ട് തന്നെ മുന്നോട്ട് പോകുമെന്നും സുരേഷ് ഗോപി പറഞ്ഞു.
മിനിഞ്ഞാന്ന് പറഞ്ഞതിന് സര്‍ജിക്കല്‍ സ്‌ട്രൈക്ക് അടുത്ത കലുങ്ക് ചര്‍ച്ചയില്‍ ഉണ്ടാകും. ഒന്നിനെയും വെറുതെവിടില്ല. വേദനയും രോഷവും മറച്ചുപിടിച്ച് ഇളിച്ച് കാണിക്കുന്ന രാഷ്ട്രീയക്കാരനാവില്ല ഈ ജന്മത്തില്‍ താനും എന്നും സുരേഷ് ഗോപി പറഞ്ഞു.