തൃശൂർ: കേരളത്തിൽ എയിംസ് വന്നില്ലെങ്കിൽ രാഷ്‌ട്രീയം വിടുമെന്ന നിലപാട് ആവർത്തിച്ച് സുരേഷ് ഗോപി എംപി. എയിംസിൻ്റെ പേരും പറഞ്ഞ് പലരും എന്നെ തേച്ചു. എന്നാൽ എയിംസ് വന്നാൽ അത് തൻ്റെ ക്രെഡിറ്റ് ആകുമെന്നും സുരേഷ് ഗോപി പറഞ്ഞു. പുതിയ സർക്കാർ ഗൈഡ് ലൈൻ പ്രകാരം എയിംസിനായുള്ള ശുപാർശ നൽകണം. തൃശൂർ , ഇടുക്കി എന്ന ജില്ലകളെയും പരിഗണിക്കണം. അടുത്ത ബജറ്റിൽ തന്നെ ഉൾപ്പെടുത്താവുന്ന തരത്തിൽ ആവശ്യം ഉന്നയിക്കണമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
രാജ്യത്തെ ഇന്ധന വർധനയിലും സുരേഷ് ഗോപി എംപി പ്രതികരിച്ചു. താൻ മനസിലാക്കിയിടത്തോളം രണ്ടു പ്രാവശ്യം മാത്രമാണ് ഇന്ധന വിലവർധിച്ചത്. യുപിഎ ഭരണകാലത്ത് ഒരു യുദ്ധവും ഇല്ലാത്തപ്പോൾ എത്ര തവണ ഇന്ധന വില കൂടിയെന്ന് വിളംബരം ചെയ്യണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.
ഇന്ധന വിലക്കയറ്റം പിടിച്ച് നിർത്താൻ തനതായ രീതിയിൽ നടപടി സ്വീകരിക്കുമെന്ന് പറയുന്നത് കേരള സർക്കാരിൻ്റെ ബുദ്ധിപരമായ നീക്കമാണ്. ഒരിക്കലെങ്കിലും പെട്രോളിൻ്റെ ടാക്സ് കുറയ്ക്കാൻ കേരള സർക്കാർ ശ്രമിച്ചിട്ടുണ്ടോ എന്നും ഒരു യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ പെട്രോളിൻ്റെ ടാക്സ് ഉയർന്നെങ്കിൽ അത് പിരിക്കില്ല എന്ന് കേരളസർക്കാർ തീരുമാനമെടുത്തില്ലെന്നും സുരേഷ് ഗോപി വിമർശിച്ചു.