

എറണാകുളം: ഇന്ത്യയുടെ ഇന്നത്തെ സാമ്പത്തിക പുരോഗതിയുടെ അടിസ്ഥാനം 2016ലെ നരേന്ദ്ര മോദി കൊണ്ടുവന്ന നോട്ട് നിരോധനം ആണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇന്ത്യൻ സാമ്പത്തിക ഘടനക്കുമേൽ ഏറ്റവും വലിയ പൈശാചിക ആക്രമണത്തിനുള്ള ശ്രമം കേരളത്തിൻ്റെ പശ്ചാത്തലത്തിൽ കൊച്ചിയിലൂടെ നടന്നിട്ടുണ്ട്, താൻ ഉദ്ദേശിച്ചത് കണ്ടെയ്നറുകളെയാണെന്നും, ഇതടക്കമുള്ള വക്രീകരിച്ച ശ്രമങ്ങൾക്ക് തടയിടാൻ നരേന്ദ്രമോദിക്ക് കഴിഞ്ഞെന്നും സുരേഷ് ഗോപി പറഞ്ഞു.
രാജ്യത്തെ പെട്രോൾ, ഡീസൽ വില പുതുക്കി നിശ്ചയിക്കുന്നത് ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ വിതരണത്തിന്റെ ലഭ്യതയെ അടിസ്ഥാനമാക്കിയായിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. പശ്ചിമേഷ്യൻ മേഖലയിലെ രാഷ്ട്രീയ സംഘർഷങ്ങളെ തുടർന്ന് ഇന്ധന വിതരണ ശൃംഖലയിലുണ്ടായ തടസങ്ങൾ കാരണം കഴിഞ്ഞ മെയ് മാസത്തിൽ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് എട്ട് രൂപയോളം വർധിപ്പിച്ചു. ഇതിന് പിന്നാലെ രാജ്യത്ത് സിഎൻജി വിലയും പലതവണ വർധിപ്പിച്ചു.
ഇന്ധനവിലയിലുണ്ടായ ഈ കുതിച്ചുചാട്ടം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാജ്യത്ത് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയും സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ ഈ നിർണായക പ്രസ്താവന. ഇന്ത്യയില്‍ പെട്രോള്‍ ഡീസൽ വില കുറയ്ക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കവെ, രാജ്യത്തെ ക്രൂഡ് ഓയിൽ വിതരണ സാഹചര്യം പൂർണമായി വിലയിരുത്തിയ ശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.