കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യ ബലാംത്സഗക്കേസിലെ അതിജീവിത സുപ്രീം കോടതിയിൽ. സമ്മതമില്ലാതെ പലവട്ടം പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയാണ് അബോർഷന് സമ്മതിപ്പിച്ചതെന്നുമാണ് ഹർജിയിൽ പറയുന്നത്. രാഹുലിൻ്റെ ജാമ്യം നിയമവിരുദ്ധമാണെന്നും ഹർജിയിൽ അതിജീവിത പറയുന്നു.
രാഹുലിന്റെ ജാമ്യം നിയമ വിരുദ്ധമാണ്. സമ്മതമില്ലാതെ പലവട്ടം ബലാത്സംഘം ചെയ്തു. ഗർഭിണി ആയിരിക്കെ ഒരിക്കൽ പോലും സമ്മതം നൽകിയിട്ടില്ല. അബോർഷന് സ്വയം സന്നദ്ധ ആയിരുന്നില്ല. ഭീഷണിയിലൂടെയാണ് സമ്മതിപ്പിച്ചത്. പ്രായപൂർത്തി ആകാത്ത ഇരയുൾപ്പടെ 10 ഓളം ഇരകളെ രാഹുൽ പീഡിപ്പിച്ചിട്ടുണ്ട്. സാമൂഹ്യ വിരുദ്ധ സംഘങ്ങളുമായി ബന്ധമുണ്ട്. ജാമ്യം നൽകിയത് തന്റെ ജീവന് ഭീഷണിയാണെന്നും ഹർജിയിൽ അതിജീവിത പറയുന്നു.
അതേസമയം, രണ്ടാം പീഡനക്കേസിൽ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രോസിക്യൂഷൻ്റെ ഹർജിയിൽ മറുപടി നൽകാൻ വീണ്ടും സമയം വേണമെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ അറിയിച്ചത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അടുത്ത ചൊവ്വാഴ്ച ഹർജി പരിഗണിക്കും. ഇത് രണ്ടാം തവണയാണ് രാഹുൽ മാങ്കൂട്ടത്തിൽ സമയം നീട്ടീ ചോദിക്കുന്നത്.
രാഹുൽ മാങ്കൂട്ടത്തലിനെതിരെ രണ്ടാമത് ലൈംഗികപീഡന പരാതി കൊടുത്ത അതിജീവിതയാണ് ജാമ്യത്തിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ തന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്നു പറഞ്ഞ് അന്വേഷണ സംഘത്തെ സമീപിച്ചത്. തന്നെ ഫോണിൽ വിളിച്ച് സ്വാധീനിക്കാൻ ശ്രമിച്ചെന്നും പരാതിക്കാരി അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ ജാമ്യവ്യവസ്ഥ ലംഘിച്ചെന്നും ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയെ സമീപിച്ചത്.
കേസ് ഇന്ന് വീണ്ടും പരിഗണിച്ചപ്പോഴാണ് മറുപടി നൽകാൻ ഇനിയും സമയം വേണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ കോടതിയോട് ആവശ്യപ്പെട്ടത്. അതിജീവിത കോടതിയിൽ രഹസ്യമൊഴി നൽകിയതിന്റെ തൊട്ടടുത്ത ദിവസം രാഹുൽ മാങ്കൂട്ടത്തിൽ അതിജീവിതയെ വാട്സാപ്പിൽ വിളിക്കാൻ ശ്രമിച്ചിരുന്നു.