തിരുവനന്തപുരം: ലൈംഗിക പീഡന കേസിലെ അതിജീവിതയെ സഹപാഠി ഭീഷണിപ്പെടുത്തുന്നതായി പരാതി. തിരുവനന്തപുരം സ്വദേശിയായ 47കാരിയെയാണ് സഹപാഠി ഭീഷണിപ്പെടുത്തിയത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകിയിരിക്കുകയാണ് അതിജീവിത.
2022ലാണ് അതിജീവിത ലൈംഗിക പീഡനത്തിനിരയാകുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയും കുറ്റാരോപിതനെ അറസ്റ്റ് ചെയ്യാൻ കോടതി നിർദേശിക്കുകയും ചെയ്തു. എന്നാൽ ഉന്നത വിദ്യാഭ്യാസത്തിന് പ്രവേശനം നേടിയ തന്നെ ഈ വിഷയം ചൂണ്ടി കാണിച്ച് പീഡന കേസ് പ്രതി കൂടിയായ സഹപാഠി ഭീഷണിപ്പെടുത്തുന്നു എന്നാണ് ആരോപണം.
ഒറ്റയ്ക്ക് താമസിക്കുന്ന തന്നെ നിയമവിദ്യാർഥിയായ സഹപാഠി ഉപദ്രവിക്കാൻ സാധ്യതയുണ്ടെന്നും അതിജീവിതയായ തനിക്ക് സുരക്ഷ ഉറപ്പാക്കണമെന്നും പരാതിയിൽ പറയുന്നു. അതിജീവിത നൽകിയ പരാതിയിൽ തിരുവനന്തപുരം മ്യൂസിയം പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി. എന്നാൽ ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം സഹപാഠി തള്ളുകയാണ്.