തൃശൂർ: ട്രെയിൻ യാത്രക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ റെയിൽവേയുടെ വിശദീകരണങ്ങൾ തള്ളി മരിച്ച ശ്രീജിത്തിന്റെ സുഹൃത്ത് സൂര്യ. ശ്രീജിത്തിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായപ്പോൾ തന്നെ ട്രെയിനിൽ ഉണ്ടായിരുന്ന റെയിൽവേ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിരുന്നെന്ന് സൂര്യ വ്യക്തമാക്കി. സ്വന്തം ഭാഗം ശരിയാക്കുന്നതിന് എത്തിയ സമയം പോലും തിരുത്തിയാണ് റെയിൽവേ ജീവനക്കാർ വാർത്താക്കുറിപ്പ് ഇറക്കിയിരിക്കുന്നത്. യാത്രക്കാരാരും അപായ ചങ്ങല വലിച്ചിട്ടില്ലെന്നും സൂര്യ ന്യൂസ് മലയാളത്തോട് പറഞ്ഞു.
പ്രകോപിതരായ ചില യാത്രക്കാരാണ് ചികിത്സ വൈകിപ്പിക്കാൻ കാരണമായതെന്നായിരുന്നു റെയിൽവേയുടെ പക്ഷം. യാത്രക്കാർ ട്രെയിനിൻ്റെ ചങ്ങല വലിച്ചതോടെ, തൃശൂരിൽ യുവാവിനെ എത്തിക്കാനുള്ള സമയം ഇല്ലാതായെന്നും റെയിൽവേ പറഞ്ഞിരുന്നു.
എന്നാൽ റെയിൽവേയുടെ വാദങ്ങൾ പൂർണമായും തള്ളുകയാണ് ശ്രീജിത്തിൻ്റെ സുഹൃത്ത് സൂര്യ. മരിച്ച ശ്രീജിത്തിന് മുൻപ് യാതൊരു ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നും സൂര്യ പറയുന്നു. റെയിൽവേ ഉദ്യോഗസ്ഥർ നൽകിയ വിവരങ്ങൾ പ്രകാരമാണ് താനും സഹയാത്രികരും പ്രവർത്തിച്ചത്. യാത്രക്കാരാരും അപായ ചങ്ങല വലിച്ചിട്ടില്ല. ഉടൻ ഉദ്യോഗസ്ഥരെ അറിയിക്കുകയാണ് ചെയ്തത്.
ടിടിആറിന്റെ നിർദേശപ്രകാരമാണ് മുളങ്കുന്നത്തുകാവ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയത്. ഒപ്പം ഉണ്ടായിരുന്ന സഹയാത്രികയായ ഡോക്ടർ, ഫസ്റ്റ് എയ്ഡ് കിറ്റ് ചോദിച്ചിട്ടും ട്രെയിനിൽ നിന്ന് ലഭ്യമായിരുന്നില്ല. ദക്ഷിണ റെയിൽവേയുടെ വിശദീകരണം പൂർണ്ണമായും തെറ്റാണെന്നും, ശ്രീജിത്തിന്റെ മരണത്തിൽ നടപടി ഉണ്ടായില്ലെങ്കിൽ പരാതിയുമായി മുന്നോട്ടു പോകുമെന്നും സൂര്യ വ്യക്തമാക്കി.
ചാലക്കുടി മാരാംകോട് സ്വദേശി ശ്രീജിത്ത് (26)ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ശ്രീജിത്തിന് നീതി കിട്ടണമെന്ന് മാരാംകോട് ഉന്നതി ഊര് മൂപ്പൻ സതീഷ് ആവശ്യപ്പെട്ടു. കുടുംബത്തിന് നഷ്ടപരിഹാരം നൽകണം. റെയിൽവേ അധികൃതർ ചെയ്യേണ്ട കാര്യങ്ങൾ ഒന്നും ചെയ്തില്ല. ഇതു മൂലമാണ് ശ്രീജിത്തിന്റെ ജീവനഷ്ടമായത്. ജില്ലാ കലക്ടർക്കു പരാതി നൽകുമെന്നും ഊര് മൂപ്പൻ അറിയിച്ചു.
മുംബൈ-എറണാകുളം ഓഖ എക്സ്പ്രസിൽ വച്ചായിരുന്നു സംഭവം. അവശനിലയിൽ ആയ യുവാവിനെ സഹയാത്രക്കാർ ചേർന്ന് മുളങ്കുന്നത്തുകാവ് റെയിൽവേ സ്റ്റേഷനിൽ ഇറക്കിയിരുന്നു. അരമണിക്കൂറോളം പ്ലാറ്റ്‌ഫോമിൽ കിടത്തിയിട്ടും ആംബുലൻസ് എത്തിച്ചില്ലെന്നും പരാതിയുണ്ട്. പിന്നാലെ തൃശൂർ മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവ് മരിച്ചു. ഇതിനുപിന്നാലൊണ് ആരോപണങ്ങൾ ഉയർന്നത്.