നെഞ്ചിടിപ്പേറ്റിയ സസ്പെൻസ് ഡ്രാമ; കേരളക്കരയുടെ ക്ഷമ പരീക്ഷിച്ച 'ജനാധിപത്യത്തിൻ്റെ സൗന്ദര്യം', ഒടുവിൽ മുഖ്യമന്ത്രി സീറ്റ് വടംവലിക്ക് പരിസമാപ്തി!

കേരളത്തിലെ മുഖ്യൻ ആരെന്നറിയാൻ നീണ്ട 11 ദിനരാത്രങ്ങൾ വ്രതം നോറ്റ് കാത്തിരിക്കേണ്ട ദുരവസ്ഥയിലായിരുന്നു മലയാളികൾ...
KERALA CM VD Satheesan
Published on
Updated on

തിരുവനന്തപുരം: ജനാധിപത്യത്തിൻ്റെ സൗന്ദര്യം കുറച്ച് അതിരുകടന്നില്ലേ? ജനാധിപത്യത്തിൻ്റെ സൗന്ദര്യവും സൗകുമാര്യവും കേരളക്കരയാകെ പ്രസരിക്കാൻ ഇത്രയധികമൊക്കെ മലയാളികൾ കാത്തിരിക്കേണ്ടതുണ്ടോ എന്നാണ് മൂക്കത്ത് വിരൽവച്ച് മലയാളികൾ ചോദിക്കുന്നത്! കർണാടക മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള തർക്കം മൂത്തപ്പോൾ കർ'നാടകം' എന്ന് വിളിച്ച് പരിഹസിച്ചവരാണ് നമ്മൾ മലയാളികൾ...

എന്നാൽ ഇപ്പോൾ കേരളത്തിലെ മുഖ്യൻ ആരെന്നറിയാൻ നീണ്ട 11 ദിനരാത്രങ്ങൾ വ്രതം നോറ്റ് കാത്തിരിക്കേണ്ട ദുരവസ്ഥയിലായിരുന്നു അതേ മലയാളികൾ... ഇതര സംസ്ഥാനങ്ങളിൽ താമസിക്കുന്നവരൊക്കെ "മുഖ്യമന്ത്രി ഇല്ലാത്തവരെന്ന്" മലയാളികളെ പരിഹസിക്കുന്ന സാഹചര്യം പോലും വന്നെന്നാണ് സമൂഹമാധ്യമങ്ങളിലെ ലേറ്റസ്റ്റ് ട്രോളുകൾ...

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളുടെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നത് മെയ് നാലിനാണ്. പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി, അസം എന്നിവിടങ്ങളിലെല്ലാം മുഖ്യമന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത്, അതാത് സർക്കാരുകൾ ഭരണവും തുടങ്ങിയപ്പോൾ.. ഇങ്ങ് കൊച്ചു കേരളത്തിൽ മൃഗീയ ഭൂരിപക്ഷം നേടി 10 വർഷത്തിനിപ്പുറം അധികാരത്തിൽ തിരിച്ചെത്തിയ 'ഐക്യ ജനാധിപത്യ മുന്നണി', അവരുടെ ജനിതകപരമായ കഴിവുകേടുകൾ കൊണ്ട് സംസ്ഥാനത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിയിടുകയാണ് ചെയ്തത്. ചീഫ് മിനിസ്റ്ററുടെ ഓഫീസിലേക്ക് ലഭിക്കുന്ന പരാതി കത്തുകൾ "മുഖ്യമന്ത്രി ഇല്ല" എന്ന ഒറ്റക്കാരണത്താൽ തിരിച്ചയക്കുന്ന സാഹചര്യവും തലസ്ഥാനത്ത് ഉടലെടുത്തിട്ടുണ്ട്. ട്രഷറികളിൽ പണമില്ലാത്ത സാഹചര്യമാണ് നിലവിൽ. കേരളം മുമ്പെങ്ങും കാണാനാകാത്ത വിധം ഭരണസ്തംഭനത്തിലേക്ക് നീങ്ങവെയാണ് പതിനൊന്നാം നാൾ വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തെരഞ്ഞടുക്കുന്നത്.

പതിനൊന്നാം ദിവസത്തെ സംഭവവികാസങ്ങൾ!

ജയറാം രമേശ് ഇന്നലെ വൈകീട്ട് പ്രഖ്യാപിച്ചത് പോലെ കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം വ്യാഴാഴ്ച ഉണ്ടാകുമെന്ന് പകൽ പോലെ വ്യക്തമായിരുന്നു. എന്നാലും എപ്പോൾ, എവിടെ വച്ച്, ആര് പ്രഖ്യാപനം നടത്തുമെന്നതിൽ വ്യക്തതക്കുറവ് ഉണ്ടായിരുന്നു. യുഡിഎഫ് എംഎൽഎമാരുടെ പാർലമെൻ്ററി പാർട്ടി യോഗം വിളിച്ചുവെന്നാണ് ആദ്യം വന്ന റിപ്പോർട്ട്. ഈ മീറ്റിങ്ങിൽ വച്ച് പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു ആദ്യ സൂചനകൾ... എന്നാൽ പിന്നീട് രാഹുൽ ഗാന്ധിയുടെ വീട്ടിലേക്ക് കെ.സി. വേണുഗോപാലിനെ ചർച്ചയ്ക്ക് വിളിച്ചതോടെ വീണ്ടും സസ്പെൻസ് നിറഞ്ഞു.

കെ.സി. വേണുഗോപാൽ മുഖ്യമന്ത്രി സ്ഥാനത്തിനുള്ള അവകാശവാദത്തിൽ നിന്ന് പിന്മാറിയെന്നും ഇല്ലെന്നുമുള്ള വാർത്തകളും പ്രചരിച്ചു തുടങ്ങി. പിന്നാലെ സീനിയറായ രമേശ് ചെന്നിത്തലയെ രാഹുൽ ഗാന്ധി ഫോണിൽ വിളിച്ചെത്ത വാർത്തയുമെത്തി. അതോടെ കേരളത്തിൻ്റെ അടുത്ത മുഖ്യമന്ത്രി ആരെന്ന ഏകദേശ സൂചനകളൊക്കെ പുറത്തുവന്ന് തുടങ്ങി. പിന്നീട് ഉച്ചയ്ക്ക് 12 മണിക്ക് മുന്നോടിയായി തന്നെ ഡൽഹിയിൽ എഐസിസി ആസ്ഥാനത്തിനും ഇങ്ങ് തലസ്ഥാനത്ത് കെപിസിസി ആസ്ഥാനത്തിനും മുകളിൽ തിങ്ങിക്കൂടിയ കാർമേഘമൊഴിഞ്ഞു... അന്തരീക്ഷം തെളിഞ്ഞു... ഉച്ചിയിൽ സൂര്യൻ തെളിഞ്ഞു കത്തി...

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് പാർലമെൻ്ററി പാർട്ടി ചെയർപേഴ്സൺ സോണിയാ ഗാന്ധി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കേരളത്തിലെ പാർട്ടി നിരീക്ഷകർ എന്നിവരുടെയെല്ലാം നേതൃത്വത്തിൽ കൂട്ടായി എടുത്ത തീരുമാനമാണിതെന്ന് എഐസിസി ജനറൽ സെക്രട്ടറിയും കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ ചുമതലക്കാരിയുമായ ദീപാദാസ് മുൻഷി ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.

തീരുമാനമാകാതെ പോയ പത്താം ദിനം!

നീണ്ട പത്ത് ദിനരാത്രങ്ങൾ മുഖ്യമന്ത്രിയെ കാത്തിരുന്ന മലയാളികൾക്ക് മുന്നിലൊരു സസ്പെൻസ് സൃഷ്ടിച്ചാണ് ബുധനാഴ്ച കടന്നുപോയത്. കോൺഗ്രസ് വർക്കിങ് കമ്മിറ്റി പ്രസിഡൻ്റുമാരേയും കെ. മുരളീധരനും തിരുവഞ്ചൂർ രാധാകൃഷ്ണനും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളേയും എഐസിസി ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. ആരാകണം മുഖ്യമന്ത്രി എന്ന കാര്യത്തിൽ ഇവരുടെ കൂടെ അഭിപ്രായം തേടുകയായിരുന്നു ലക്ഷ്യം.

രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും വൈകീട്ട് അധ്യക്ഷൻ്റെ വസതിയിൽ കൂടിക്കാഴ്ച നടത്തി പിരിയുമ്പോൾ രാഹുലിൻ്റെ മുഖത്തൊരു ചിരിയുണ്ടായിരുന്നു. അഞ്ചരയ്ക്ക് തുടങ്ങിയ ചർച്ച വൈകീട്ട് 6.15 വരെ നീണ്ടു. പിന്നാലെ രാഹുലിനെ കാറിൽ യാത്രയയ്ക്കാൻ ഖാർഗെയും പുറത്തേക്ക് വന്നു. ഗേറ്റിന് സമീപം കാത്തിരുന്ന മാധ്യമങ്ങൾക്ക് മുന്നിലൂടെ തലയുയർത്തി പോലും നോക്കാതെ ഫോണിലേക്ക് കണ്ണുനട്ടായിരുന്നു രാഹുൽ കാറിൽ ഇരുന്നിരുന്നത്.

ഒടുവിൽ ഏഴ് മണിയോടെ കോൺഗ്രസിൻ്റെ മാധ്യമ വിഭാഗം തലവൻ ജയറാം രമേശ് മാധ്യമങ്ങളെ കാണാനെത്തി. കേരളത്തിലെ മുഖ്യമന്ത്രിയുടെ കാര്യത്തിൽ പാർട്ടി തീരുമാനമെടുത്തെന്നും പ്രഖ്യാപനം നാളെ അറിയിക്കാമെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ തീരുമാനം നാളേക്ക് മാറ്റാനുള്ള തീരുമാനത്തിന് പിന്നിൽ എന്താണെന്ന് വ്യക്തമാക്കാതെയാണ് അദ്ദേഹം പിൻവാങ്ങിയത്.

News Malayalam 24x7
newsmalayalam.com