പരിവാർ സംഘടനകളുടെ ക്രൈസ്തവവേട്ട അവസാനിപ്പിക്കണം, കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണം: സീറോമലബാർസഭ

ഒഡീഷയിൽ വൈദികരേയും കന്യാസ്ത്രീകളേയും ബജ്റം​ഗ്‌ദള്‍ ആക്രമിച്ച സംഭവത്തിൽ സീറോമലബാർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി
ഒഡീഷയിൽ വൈദികർക്കും കന്യാസ്ത്രീകൾക്കും നേരെയുണ്ടായ ആക്രമണം
ഒഡീഷയിൽ വൈദികർക്കും കന്യാസ്ത്രീകൾക്കും നേരെയുണ്ടായ ആക്രമണം
Published on

കൊച്ചി: പരിവാര്‍ സംഘടനകളുടെ ക്രൈസ്തവവേട്ട അവസാനിപ്പിക്കണമെന്ന് സീറോമലബാർസഭ. ഒഡീഷയിൽ വൈദികരേയും കന്യാസ്ത്രീകളേയും ബജ്റം​ഗ്‌ദള്‍ ആക്രമിച്ച സംഭവത്തിൽ സീറോമലബാർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിളിലും പരിവാർ സംഘടനകളുടെ തീവ്ര നിലപാടുകൾ മൂലം ജീവിക്കാൻതന്നെ കഴിയാത്തവിധം അരക്ഷിതാവസ്ഥയിലാണ് ക്രൈസ്തവർ. രാജ്യത്തു ക്രൈസ്തവർക്കുനേരെ വർധിച്ചുവരുന്ന അസഹിഷ്ണുതയിൽ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടുകയും നീതി ഉറപ്പാക്കുകയും വേണമെന്നും സീറോമലബാർസഭ ആവശ്യപ്പെട്ടു.

സീറോമലബാർ സഭ മീഡിയ കമ്മീഷൻ്റെ പത്രകുറിപ്പ്

സംഘപരിവാര്‍ സംഘടനയായ ബജ്റം​ഗ്‌ദള്‍ മലയാളി കത്തോലിക്ക വൈദികരേയും കന്യാസ്ത്രീകളേയും ആക്രമിച്ച സംഭവത്തിൽ സീറോമലബാർ സഭ മീഡിയ കമ്മീഷൻ ശക്തമായ പ്രതിഷേധം അറിയിച്ചു. ഓഗസ്റ്റ് ആറ് ബുധൻ വൈകുന്നേരം അഞ്ചു മണിക്ക് ഒഡീഷയിലെ ജലേശ്വര്‍ ജില്ലയിലെ ഗംഗാധര്‍ ഗ്രാമത്തിലാണ് മതപരിവര്‍ത്തനം ആരോപിച്ച് ആക്രമണമുണ്ടായത്. ബാലസോര്‍ രൂപതയുടെ കീഴിലുള്ള വൈദികരായ ഫാദര്‍ ലിജോ നിരപ്പേല്‍, ഫാദര്‍ വി. ജോജോ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച വൈകുന്നേരം ഗംഗാധര്‍ മിഷന്റെ കീഴിലുള്ള പള്ളിയില്‍ വൈകുന്നേരം മരിച്ചവര്‍ക്കായുള്ള കുര്‍ബാന അര്‍പ്പിക്കാനാണ് രണ്ട് വൈദികരും രണ്ട് കന്യാസ്ത്രീകളും ഏതാനും മിഷന്‍ പ്രവര്‍ത്തകരും എത്തിയത്.

ആരാധന കഴിഞ്ഞു മടങ്ങിവരുന്ന സമയത്ത് 70 ഓളം വരുന്ന ബജ്റം​ഗ്‌ദള്‍ പ്രവര്‍ത്തകര്‍ വഴിയിൽ തടഞ്ഞുനിർത്തി വൈദികരെയും കൂടെ ഉണ്ടായിരുന്ന സഹായിയേയും ഭീകരമായി മര്‍ദിക്കുകയുമാണ് ഉണ്ടായതു. ഇരു വൈദികരുടേയും മൊബൈല്‍ പിടിച്ചെടുക്കുകയും വാഹനങ്ങള്‍ക്ക് കേടുവരുത്തുകയും ചെയ്തു. "ഒഡീഷ ബിജെപിയാണ് ഭരിക്കുന്നതെന്നോര്‍ക്കുക. ക്രിസ്ത്യാനികളെ ഇവിടെ വേണ്ട, നിങ്ങളെ ഇവിടെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല" ഇങ്ങനെ അക്രമികള്‍ വിളിച്ചു പറഞ്ഞതായി ദൃക്‌സാക്ഷികൾ വെളിപ്പെടുത്തി. സംഭവസ്ഥലത്ത് പൊലീസ് എത്തിയെങ്കിലും കേസെടുക്കാന്‍ തയ്യാറായില്ല എന്നത് നിയമസംവിധാനങ്ങളെ വർ​ഗീയ ശക്തികൾ നിയന്ത്രിക്കുന്നതിന്റെ തെളിവാണ്. ഛത്തീസ്ഗഡിൽ നിയമം കയ്യിലെടുത്തു അഴിഞ്ഞാടിയിട്ടും ഭരണകൂടം ഒരു നടപടിയും ഇവർക്കെതിരെ എടുക്കാൻതയ്യാറാവാത്തതാണ് വീണ്ടു അഴിഞ്ഞാടാനും, ക്രൈസ്തവ ന്യുനപക്ഷത്തെ ആക്രമിക്കാനും പരിവാർ സംഘടനകൾക്ക് ധൈര്യം നൽകുന്നത്.

ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിളിലും പരിവാർ സംഘടനകളുടെ തീവ്ര നിലപാടുകൾമൂലം ജീവിക്കാൻ തന്നെ കഴിയാത്തവിധം അരക്ഷിതാവസ്ഥയിലാണ് ക്രൈസ്തവർ. ജനാധിപത്യ അവകാശങ്ങൾക്കുമേൽ കടന്നുകയറുന്ന വർ​ഗീയ സംഘങ്ങൾ ഭാരതത്തിന്റെ മതേതരസ്വഭാവത്തെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തു ക്രൈസ്തവർക്കുനേരെ വർധിച്ചുവരുന്ന അസഹിഷ്ണുതയിൽ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടുകയും ക്രൈസ്തവർക്ക് നീതി ഉറപ്പാക്കുകയും വേണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com