കർദിനാൾ മാർ ജോർജ് ആലഞ്ചേരി സഭാ ആസ്ഥാനം ഒഴിഞ്ഞു; വിമത വിഭാഗത്തിൻ്റെ നിർദേശം അംഗീകരിച്ച് സിറോ മലബാർ സഭാ നേതൃത്വം

ഡിസംബറിന് മുമ്പ് ആലഞ്ചേരി മൗണ്ട് സെൻറ് തോമസ് വിടണമെന്ന വിമത വിഭാഗത്തിന്റെ ആവശ്യം സഭാ നേതൃത്വം അംഗീകരിച്ചതിനെ തുടർന്നാണ് ആലഞ്ചേരിക്ക് ചങ്ങനാശേരിക്ക് മടങ്ങേണ്ടി വന്നത്
കർദിനാൾ മാർ ജോർജ് ആലഞ്ചേരി
കർദിനാൾ മാർ ജോർജ് ആലഞ്ചേരിSource: FB
Published on
Updated on

എറണാകുളം: സിറോ മലബാർ സഭയിൽ അധികാര തർക്കവും, കുർബാന തർക്കവും വീണ്ടും മുറുകുന്നു. സിറോ മലബാർ സഭയുടെ തലവനായിരുന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരി സഭാ ആസ്ഥാനം ഉപേക്ഷിച്ചു. ഡിസംബറിന് മുമ്പ് ആലഞ്ചേരി മൗണ്ട് സെൻറ് തോമസ് വിടണമെന്ന വിമത വിഭാഗത്തിന്റെ ആവശ്യം സഭാ നേതൃത്വം അംഗീകരിച്ചതിനെ തുടർന്നാണ് ആലഞ്ചേരിക്ക് ചങ്ങനാശേരിക്ക് മടങ്ങേണ്ടി വന്നത്. ഇതിനിടെ ഏകീകൃത കുർബാന അർപ്പണ രീതിയെ ചൊല്ലി എറണാകുളം അങ്കമാലി അതിരൂപതയിൽ വൈദികരും വിശ്വാസികളും തമ്മിലുള്ള തർക്കം കയ്യാങ്കളിലേക്ക് കടന്നിരിക്കുകയാണ്.

സിറോ മലബാർ സഭയിൽ നിലനിന്നിരുന്ന തർക്കം പരിഹരിക്കുന്നതിന് വിപുലമായ ഫോർമുലയാണ് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയും, മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലും എറണാകുളത്തെ വിവിധ വിഭാഗവുമായി ചർച്ച ചെയ്ത രേഖാമൂലം കരാറാക്കിയത്. ഇതിൽ പ്രകാരം കുർബാനത്തിൽ അടക്കം ഇളവുകൾ നൽകിയത് പാലിച്ച് വരികയായിരുന്നു. കരാറിന് പുറത്തുള്ള പ്രധാന വ്യവസ്ഥകളിൽ ഒന്ന് സിറോ മലബാർ സഭയുടെ തലവനായിരുന്ന കർദിനാൾ ജോർജ് ആലഞ്ചേരി സഭാ ആസ്ഥാനമായ മൗണ്ട് സെൻറ് തോമസ് വിടണം എന്നതായിരുന്നു. എന്നാൽ മേജർ ആർച്ച് ബിഷപ് സ്ഥാനം ഒഴിഞ്ഞ മാർ ജോർജ് ആലഞ്ചേരി മൗണ്ട് സെൻതോമസിലെ സഭാ ആസ്ഥാനത്തോട് ചേർന്ന് പ്രത്യേക കെട്ടിടം തയ്യാറാക്കി അവിടെയായിരുന്നു താമസിച്ചു വന്നത്. സാന്തോം ഹൗസ് എന്ന പേരിൽ ഈ കെട്ടിടം കർദിനാൾ ഹൗസ് ആയി മാറ്റിയിരുന്നു. എന്നാൽ കത്തോലിക്കാ സഭയിലെ കർദിനാൾ എന്ന നിലയിലും, സീറോ മലബാർ സഭയുടെ മുൻ തലവൻ എന്ന നിലയിലും അദ്ദേഹത്തിന് ഒരു സ്ഥിരം സെക്രട്ടറിയെ നൽകാനോ സ്ഥിരമായ ഡ്രൈവറെ നൽകാനോ കൂരിയ തയ്യാറായില്ല എന്നാണ് ആലഞ്ചേരി അനുകൂലികളുടെ ആക്ഷേപം.

കർദിനാൾ മാർ ജോർജ് ആലഞ്ചേരി
തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ വീട്ടമ്മയെ കയറി പിടിച്ചു; തിരുവനന്തപുരത്ത് ബിജെപി പ്രവർത്തകൻ ഒളിവിൽ

ഇതിനിടെ എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു പള്ളിയിലും സ്വകാര്യ ആവശ്യങ്ങൾക്ക് പോലും പ്രവേശിക്കാൻ അദ്ദേഹത്തെ അനുവദിക്കില്ല എന്ന വിമത വിഭാഗത്തിന്റെ നിലപാടിന് സഭാ നേതൃത്വം അംഗീകാരം നൽകുകയും ചെയ്തു. ഇതോടെ മനസ് മടുത്ത മാർ ജോർജ് ആലഞ്ചേരി സ്വന്തം നാടായ ചങ്ങനാശേരിയിലേക്ക് മടങ്ങാൻ തീരുമാനിച്ചു. ചങ്ങനാശേരി അതിരൂപതയിലെ സെൻ്റ് തോമസ് ഹോസ്പിറ്റലിനോട് ചേർന്നുള്ള വൈദിക വിശ്രമ മന്ദിരത്തിൽ ആവും ഇനി മാർ ജോർജ് ആലഞ്ചേരി താമസിക്കുക. മുൻ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് മാർ ജോർജ് കോച്ചേരിയും ഒപ്പമുണ്ടാകും. ഇതോടെ ജനുവരിയിൽ നടക്കുന്ന സിനഡിൽ മേജർ ആർച്ച് ബിഷപ്പിന്റെ ചെറിയ അതിരൂപത നിലവിൽ വരുന്നതിനുള്ള എതിർപ്പ് വിമതവിഭാഗം പിൻവലിക്കും. ഇതിനൊപ്പം എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് ഒരു പുതിയ ആർച്ച് ബിഷപ്പും രണ്ട് സഹായമെത്രാന്മാരും ജനുവരില്‍ ഉണ്ടാവും. എന്നാൽ എറണാകുളം അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന മാത്രമായി ഉണ്ടാവില്ല. എറണാകുളം അങ്കമാലി അതിരൂപതയിലെ ജനാഭിമുഖ കുർബാന മാറ്റമില്ലാതെ തുടരും.

ഇതിനിടെ എറണാകുളം അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം വീണ്ടും രൂക്ഷമായി. ഏകീകൃതകുർബാന അർപ്പണ രീതിയെ ചൊല്ലി വിമതവിഭാഗം വൈദികരും ഏകീകൃത കുർബാന അനുകൂലികളും തമ്മിൽ പള്ളിമുറ്റത്ത് കയ്യാങ്കളി നടന്നു. ഇതോടെ ക്രിസ്മസ് ദിനത്തിൽ സീറോ മലബാർ സഭയുടെ ആസ്ഥാന ദേവാലയം തുറക്കാൻ കഴിയുമോ എന്ന ആശങ്കയിലാണ് സഭാ നേതൃത്വം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com