

കോട്ടയം: സമുദായത്തോടും സമൂഹത്തോടും രാഷ്ട്രീയ കക്ഷികൾ കാണിക്കുന്ന അനീതി തിരിച്ചറിയാനും തിരിച്ചു കുത്താനും കത്തോലിക്ക സഭയ്ക്ക് അറിയാമെന്ന് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. തദ്ദേശ തെരഞ്ഞെടുപ്പിൽ നിർണായക സ്വാധീന മേഖലകളിലടക്കം സ്വന്തം നിലയ്ക്ക് സ്ഥാനാർഥികളെ നിർത്തുമെന്നും സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പിന്റെ ആഹ്വാനം. പാലായിൽ നടന്ന കത്തോലിക്കാ കോൺഗ്രസ് സമ്മേളന വേദിയിലായിരുന്നു മേജർ ആർച്ച് ബിഷപ്പിന്റെ ആഹ്വാനം.
രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർഥികളെ പിന്തുണച്ചാൽ അവർ പാർട്ടി പറയുന്നത് കേൾക്കും. പാലായിൽ അടക്കം നിരവധി സ്ഥലത്ത് നമുക്ക് നിർണായകമായ സ്വാധീനമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിനെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരീക്ഷണശാലയായി കാണുക. അങ്ങനെ ദീർഘവീക്ഷണത്തോടെ പ്രവർത്തിക്കണം. സ്വയം പ്രതിരോധിച്ചില്ലങ്കിൽ ക്രിസ്ത്യാനികൾ കേരളത്തിൽ നിന്ന് തുടച്ചു മാറ്റപ്പെടുന്ന അവസ്ഥയിലേക്ക് പോകുമെന്നും സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ പറഞ്ഞു.
എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തിൽ എൻഎസ്എസിന് ലഭിച്ച അനുകൂലവിധി എല്ലാവർക്കും ബാധകമാണന്ന് പകൽ പോലെ വ്യക്തമായിട്ടും അതിനെ തമസ്ക്കരിക്കാൻ ശ്രമിക്കുന്നത് ആർക്ക് വേണ്ടിയാണന്ന് കാഞ്ഞിരപ്പള്ളി രൂപത ബിഷപ് മാർ ജോസ് പുളിക്കൽ ചോദിച്ചു. ഇടപെടുന്നു എന്ന് വരുത്തി വച്ചിട്ട് കാര്യമില്ല. വിവേചനപരമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും മാർ ജോസ് പുളിക്കൽ പറഞ്ഞു. കത്തോലിക്ക കോൺഗ്രസ് പ്രസിഡന്‍റ് രാജീവ് കൊച്ചുപറമ്പിൽ നയിക്കുന്ന അവകാശ സംരക്ഷണ യാത്രയ്ക്ക് കോട്ടയം ജില്ലയിലെ വിവിധയിടങ്ങളിൽ സ്വീകരണം നൽകി.