പാംപ്ലാനിയെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നത് അവസാനിപ്പിക്കണം; സിപിഐഎമ്മിനെതിരെ സീറോ-മലബാര്‍ സഭ

സീറോ മലബാർ സഭയുടെ നിർണായക സിനഡ് സമ്മേളനം നാളെ തുടങ്ങാനിരിക്കെ കന്യാസ്ത്രി മോചന വിഷയത്തിൽ പാപ്ലാനിക്ക് പിന്തുണയുമായാണ് സീറോ-മലബാര്‍ സഭ രംഗത്തെത്തിയത്.
Joseph Pamplany
ജോസഫ് പാംപ്ലാനിSource: News Malayalam24x7
Published on

ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിക്ക് പിന്തുണയുമായി സീറോ-മലബാർ സഭ. പാംപ്ലാനിയെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. സീറോ മലബാർ സഭയുടെ നിർണായക സിനഡ് സമ്മേളനം നാളെ തുടങ്ങാനിരിക്കെ കന്യാസ്ത്രി മോചന വിഷയത്തിൽ പാപ്ലാനിക്ക് പിന്തുണയുമായാണ് സീറോ-മലബാര്‍ സഭ രംഗത്തെത്തിയത്.

പാംപ്ലാനിക്കെതിരെ സിപിഐഎമ്മിൻ്റെ സംസ്ഥാന സെക്രട്ടറി അടക്കമുള്ളവർ നടത്തിവരുന്ന നിരുത്തരവാദപരവും തെറ്റിദ്ധാരണാജനകവുമായ പ്രസ്താവനകൾ അസ്വസ്ഥത ജനിപ്പിക്കുന്നതാണ്. ഇത് തികച്ചും അപലപനീയമാണെന്നുംസഭ പ്രസ്താവനയിലൂടെ അറിയിച്ചു.

സീറോ മലബാർ സഭയുടെ ഔദ്യാഗികമായ പൊതുനിലപാട് ആവർത്തിക്കുക മാത്രമാണ് പാംപ്ലാനി ചെയ്തിട്ടുള്ളത്. എന്നാൽ ഈ വിഷയത്തിൽ തങ്ങളുടെ രാഷ്ട്രീയതാല്പര്യ സംരക്ഷണത്തിന് അനവസരത്തിലുള്ള പ്രസ്താവനകൾ വഴി അകാരണമായി പാംപ്ലാനിയെ അക്രമിക്കുകയാണുണ്ടായത് എന്നും സീറോ-മലബാര്‍ സഭ അറിയിച്ചു.

Joseph Pamplany
" മാധ്യമപ്രവര്‍ത്തകർക്കും രാഷ്ട്രീയക്കാർക്കും വിവരങ്ങള്‍ നൽകരുത്"; തൃശൂരിലെ വോട്ടര്‍പട്ടിക ക്രമക്കേടിന് പിന്നാലെ ബിഎൽഒമാർക്ക് നിര്‍ദേശവുമായി ജില്ലാ ഭരണകൂടം

പ്രസ്‌താവനയുടെ പൂർണരൂപം

'ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി പിതാവിനെ ഒറ്റപ്പെടുത്തി അക്രമിക്കുന്നത് അവസാനിപ്പിക്കണം.'

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തലശ്ശേരി മെത്രാപ്പോലീത്തയും എറണാകുളം- അങ്കമാലി അതിരൂപതയ്ക്കുവേണ്ടിയുള്ള മേജർ ആർച്ച്ബിഷപ്പിന്റെ വികാരിയുമായ ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി പിതാവിനെതിരെ സി. പി. ഐ. എമ്മിന്റെ സംസ്ഥാന സെക്രട്ടറി അടക്കമുള്ളവർ നടത്തിവരുന്ന നിരുത്തരവാദപരവും തെറ്റിദ്ധാരണാജനകവുമായ പ്രസ്താവനകൾ അസ്വസ്ഥത ജനിപ്പിക്കുന്നതാണ്. ഛത്തീസ്ഘട്ടിൽ ജയിലിലടക്കപ്പെട്ട കത്തോലിക്കാ സന്യാസിനിമാരുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തിൽ, ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി കേന്ദ്ര ആഭ്യന്തരമന്ത്രിക്കും പ്രധാനമന്ത്രിക്കും നന്ദിപറഞ്ഞ വിഷയം അനവസരത്തിൽ ഉയർത്തിക്കൊണ്ടുവന്നു പിതാവിനെ ആക്ഷേപിക്കാനുള്ള സി. പി. ഐ. എം നേതാക്കളുടെ ശ്രമം തികച്ചും അപലപനീയമാണ്.

സന്യാസിനിമാരുടെ മോചനം സാധ്യമാക്കുന്നതിനു സഹായിച്ച കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്കും, ഭരണപക്ഷത്തേയും പ്രതിപക്ഷത്തെയും നേതാക്കൾക്കും, മാധ്യമങ്ങൾക്കും, പൊതുസമൂഹത്തിനും നന്ദി പ്രകാശിപ്പിക്കുന്ന സീറോമലബാർ സഭയുടെ ഔദ്യാഗികമായ പൊതുനിലപാട് ആവർത്തിക്കുക മാത്രമാണ് മാർ ജോസഫ് പാംപ്ലാനി പിതാവ് ചെയ്തിട്ടുള്ളത്. എന്നാൽ ഈ വിഷയത്തിൽ തങ്ങളുടെ രാഷ്ട്രീയതാല്പര്യ സംരക്ഷണത്തിനായി ഒരു രാഷ്ട്രീയപാർട്ടി അവരുടെ വിവിധ സംവിധാനങ്ങളിലൂടെ അനവസരത്തിലുള്ള പ്രസ്താവനകൾ വഴി അകാരണമായി പാംപ്ലാനി പിതാവിനെ അക്രമിക്കുകയാണുണ്ടായത്. ഇത് കേവലം സന്ദർഭികമായ ഒരു പ്രസ്താവനമാത്രമല്ലന്നു തെളിയിക്കുന്നതായിരുന്നു പിന്നീടുണ്ടായ തുടർപ്രതികരണങ്ങൾ.

സീറോമലബാർ സഭയ്ക്ക് ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രത്യേകമായ പ്രതിപത്തിയില്ല; സഭയുടെ രാഷ്ട്രീയം വിഷയങ്ങളോടുള്ള നിലപാടുകളിൽ അധിഷ്ഠിതമാണ്‌. തെറ്റ് ചെയ്യുമ്പോൾ അത് തെറ്റാണെന്ന് ചൂണ്ടിക്കാണിക്കാനും, ശരി ചെയ്യുമ്പോൾ അത് അംഗീകരിക്കാനും സഭയ്ക്കു മടിയില്ല. ആർക്കു എപ്പോൾ നന്ദി പറയണം, ആരെ വിമർശിക്കണം എന്നത് തീരുമാനിക്കുന്ന പ്രക്രിയയിൽ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും ഇടമില്ല. എന്നാൽ, ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമായ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും അവയുടെ സമുന്നതരായ നേതാക്കളെയും അംഗീകരിക്കുന്നതിൽ സഭ ഒരു വീഴ്ചയും വരുത്തിയിട്ടില്ല. ഇതേ ജനാധിപത്യ മര്യാദ രാഷ്ട്രീയ നേതാക്കൾ അവരുടെ പ്രസ്താവനകളിലും ഇടപെടലുകളിലും പ്രകടിപ്പിക്കണമെന്നു സഭ ആഗ്രഹിക്കുന്നു. അതിനാൽ മാർ ജോസഫ് പാംപ്ലാനി പിതാവിനെ അകാരണമായി ഒറ്റപ്പെടുത്തി വിമർശിക്കാനുള്ള പ്രവണതയിൽനിന്നും ബന്ധപ്പെട്ടവർ പിന്മാറണമെന്നും, ആവശ്യത്തിലധികം സംസാരിച്ചുകഴിഞ്ഞതിനാൽ ഈ വിഷയം ഉടൻ അവസാനിപ്പിക്കണമെന്നും ഇതിനാൽ അഭ്യർത്ഥിക്കുന്നു.

ഫാ. ടോം ഓലിക്കരോട്ട്,

പി.ആർ.ഒ., സീറോമലബാർ ചർച്ച്,

16, 08, 2025.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com