തെരഞ്ഞെടുപ്പ് ആഹ്ളാദ പ്രകടനത്തിനിടെ സ്ത്രീ-പുരുഷൻമാർ ഒരുമിച്ച് നൃത്തം ചെയ്യുന്നത് ന്യായീകരിക്കാനാകില്ല: സുന്നി യുവജന സംഘം

ഇസ്ലാമിക നിയമങ്ങൾ കാറ്റിൽ പറത്തിയുള്ള ഇടകലരൽ അംഗീകരിക്കില്ലെന്നും എസ്‌വൈഎസ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Screengrab
Published on
Updated on

പാലക്കാട്: സ്ത്രീകളുടെ തെരഞ്ഞെടുപ്പ് ആഘോഷത്തിനെതിരെ സുന്നി യുവജന സംഘം. സ്ത്രീയും പുരുഷനും ഒരുമിച്ച് നൃത്തം ചെയ്യുന്നത് ന്യായീകരിക്കാൻ കഴിയില്ല. ലിബറൽ പ്രവണതകൾക്കെതിരെ ജാഗ്രത വേണമെന്ന് പ്രമേയം. ഇസ്ലാമിക നിയമങ്ങൾ കാറ്റിൽ പറത്തിയുള്ള ഇടകലരൽ അംഗീകരിക്കില്ല. സ്ത്രീ-പുരുഷൻമാർക്കിടയിലെ അതിർവരമ്പുകൾ നേർത്ത് വരുന്നത് ആശങ്കാജനകമാണ്. മുജാഹിദ് - ജമാഅത്തെ ഇസ്ലാമി വിഭാഗങ്ങൾ തുടക്കം കുറിച്ച പ്രവണത വ്യാപിക്കുന്നു.

സ്ത്രീയും പുരുഷനും ഒരുമിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന പ്രവണത വർധിക്കുന്നു. അനിസ്ലാമിക പ്രവണതകൾക്കെതിരെ ജാഗ്രത വേണമെന്നും എസ്‌വൈഎസ് ഇ.കെ. വിഭാഗം സമസ്ത നേതാവും, എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറിയുമായ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് പ്രമേയം ഫേസ്ബുക്കിൽ പങ്കുവച്ചു.

പ്രതീകാത്മക ചിത്രം
"ആണും പെണ്ണും ഇടപഴകി ഡാൻസ് ചെയ്യുന്നത് സാമൂഹിക അപചയം"; ഇതര പാർട്ടിക്കാരെ പോലെ ലീഗുകാർ ആഘോഷിക്കരുതെന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന സ്ത്രീ പുരുഷ സങ്കലനത്തിനെതിരെ ജാഗ്രത വേണമെന്ന് സുന്നി യുവജന സംഘം പ്രമേയം. ഇന്ന് കോഴിക്കോട് ചേര്‍ന്ന എസ്.വൈ.എസ് സംസ്ഥാന പ്രവര്‍ത്തക സമിതിയിലാണ് ഇത് സംബന്ധിച്ച പ്രമേയം പാസാക്കിയത്.

പ്രമേയത്തിന്റെ പൂര്‍ണരൂപം:

കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ സ്ത്രീപുരുഷന്‍മാര്‍ക്കിടയില്‍ ഇസ്ലാം നിശ്ചയിച്ച അതിര്‍വരമ്പുകള്‍ വല്ലാതെ നേര്‍ത്തുവരുന്നു എന്നത് ആശങ്കാജനകമാണ്. സ്ത്രീപുരുഷന്‍മാര്‍ പരസ്പരം ബോധപൂര്‍വ്വമുള്ള ദര്‍ശനം പോലും വിലക്കിയ മതമാണ് ഇസ്ലാം. വിജയാഹ്ലാദത്തിന്റെ പേരില്‍ രാത്രികളില്‍ നടുറോട്ടില്‍ സ്ത്രീകളും പുരുഷന്‍മാരും ഒരുമിച്ച് നൃത്തംചെയ്യുന്നത് ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല.

സംവരണസീറ്റുകളില്‍ അനുയോജ്യരായ സ്ത്രീകള്‍ മത്സരിക്കുന്നത് മനസിലാക്കാം. അവര്‍ ബോര്‍ഡ് മീറ്റിങ്ങുകളിലും അനുബന്ധ യോഗങ്ങളിലും ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടിയും വരും. പക്ഷേ, തെരഞ്ഞെടുപ്പിന്റെ മറവില്‍ ഇസ്ലാമിക നിയമങ്ങള്‍ കാറ്റില്‍പറത്തിക്കൊണ്ടുള്ള സ്ത്രീപുരുഷന്‍മാരുടെ ഇടകലരല്‍ നീതീകരിക്കാനാകില്ല.

ലിബറലിസത്തിന്റെ പിടിയിലകപ്പെട്ട അധുനിക സ്ത്രീത്വത്തോടൊപ്പം മുസ്ലിം സ്ത്രീകളും ലയിച്ചുചേര്‍ന്നു കൊണ്ടിരിക്കുന്നു. നഗരഹൃദയങ്ങളിലൂടെ നടക്കുന്ന പ്രകടനങ്ങളില്‍ പരപുരുഷന്‍മാരോടൊപ്പം മുസ്ലിം സ്ത്രീകളും പങ്കെടുക്കുന്നതിന് ഈയടുത്ത കാലത്താണ് തുടക്കംകുറിച്ചത്.

സ്ത്രീകളോടൊപ്പം ചേര്‍ന്നിരിക്കുന്നതും ഒപ്പം നിര്‍ത്തി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും പൊതുവേദിയില്‍ അന്യപുരുഷന്‍മാരെ അഭിസംബോധന ചെയ്ത് മുസ്ലിം സ്ത്രീകള്‍ പ്രസംഗിക്കുന്ന രീതിയും പുതിയ പ്രവണതകളാണ്. മുജാഹിദ്, ജമാഅത്ത് വിഭാഗങ്ങള്‍ തുടക്കംകുറിച്ച ഇത്തരം അനിസ്ലാമിക രീതികള്‍ രാഷ്ട്രീയത്തിന്റെ മറവില്‍ സ്ത്രീസമൂഹത്തിലേക്ക് കടത്തിക്കൂട്ടാനും വളര്‍ന്നുവരുന്ന ലിബറലിസത്തിനു ആക്കംകൂട്ടാനും ചിലര്‍ ബോധപൂര്‍വം നടത്തുന്ന നീക്കങ്ങള്‍ ഗൗരവപൂര്‍വം കൈകാര്യം ചേയ്യേണ്ടിയിരിക്കുന്നു.

ഇസ്രായീല്‍ വംശജര്‍ ശപിക്കപ്പെടാനിടയാക്കിയ ആദ്യകാരണം സ്ത്രീകള്‍ക്കിടയിലെ അഴിഞ്ഞാട്ടമായിരുന്നുവെന്ന നബിവചനം നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇത്തരം അനിസ്ലാമിക പ്രവണതകള്‍ക്കെതിരേ മുസ്ലിം പൊതുസമൂഹം ജാഗ്രത പാലിക്കണമെന്ന് ഈ യോഗം ആവശ്യപ്പെടുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com