രാഹുലിനൊപ്പമുള്ള ഫോട്ടോ വെച്ച് സമൂഹമാധ്യമങ്ങളിൽ അപമാനിക്കുന്നു; പരാതി നല്‍കി ടി. സിദ്ദീഖ് എംഎല്‍എയുടെ ഭാര്യ ഷറഫുന്നിസ

ഏത് ചീഞ്ഞുനാറിയ കഥകള്‍ക്കൊപ്പവും ചേര്‍ത്ത് നിങ്ങള്‍ക്ക് അപഹസിക്കാനുള്ളതല്ല എൻ്റെ കുടുംബും ജീവിതവുമെന്ന് ഷറഫുന്നിസ

രാഹുലിനൊപ്പമുള്ള ഫോട്ടോ വെച്ച് സമൂഹമാധ്യമങ്ങളിൽ അപമാനിക്കുന്നു; പരാതി നല്‍കി ടി. സിദ്ദീഖ് എംഎല്‍എയുടെ ഭാര്യ ഷറഫുന്നിസ
Published on

സമൂഹമാധ്യമങ്ങളിൽ അപമാനിക്കുന്നെന്ന് കാണിച്ച് ടി. സിദ്ദീഖ് എംഎല്‍എയുടെ ഭാര്യ ഷറഫുന്നിസ പൊലീസിൽ പരാതി നൽകി. യൂത്ത് കോണ്‍ഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് സമൂഹമാധ്യമങ്ങള്‍ വഴി അപമാനം നേരിട്ട് തുടങ്ങിയതെന്ന് ഷറഫുന്നിസ ടി. സിദ്ദീഖ്, ഷറഫുനീസ, മകന്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവര്‍ ഒപ്പമിരിക്കുന്ന ചിത്രം മോശമായി ചിത്രീകരിച്ചെന്നാണ് പരാതി.

വിവാഹമോചനം വ്യക്തിപരമായ കാര്യമാണ്, വർഷങ്ങൾ കഴിഞ്ഞിട്ടും വേട്ടയാടൻ തുടരുകയാണ്. രാഹുൽ കൽപറ്റ വന്നപ്പോൾ എടുത്ത ഫോട്ടോ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിരുന്നു. അതെടുത്താണ് ഇപ്പോൾ മോശമായ രീതിയിൽ ചിത്രീകരിച്ചിട്ടുള്ളത്. നിയമ നടപടിയുമായി ഏതറ്റം വരെയും പോകുമെന്നും ഷറഫുന്നിസ പറഞ്ഞു.

കോഴിക്കോട് ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നല്‍കിയത്. ശശികല, റഹീം, കെ. കെ. ലതിക, ബിവിജ കാലിക്കറ്റ് എന്നീ പ്രൊഫൈലുകള്‍ക്കെതിരെയാണ് പരാതി നല്‍കിയത്. ഏത് ചീഞ്ഞുനാറിയ കഥകള്‍ക്കൊപ്പവും ചേര്‍ത്ത് നിങ്ങള്‍ക്ക് അപഹസിക്കാനുള്ളതല്ല എൻ്റെ കുടുംബും ജീവിതവും, കുഞ്ഞിനെപ്പോലും എന്തിനാണ് ഇതിലേക്ക് വലിച്ചിടുന്നതെന്നും ഷറഫുന്നിസ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം:

ഞാനും എന്റെ കുടുംബവും ഏത് രാഷ്ട്രീയ വിവാദങ്ങളിലേക്കും വലിച്ചിഴക്കപ്പെടുന്നത് എന്തിനാണ്?. വിവാഹമോചനവും പുതിയ പങ്കാളിയുണ്ടാകുന്നതും എന്റെ ജീവിതത്തിൽ മാത്രം സംഭവിച്ച കാര്യമാണോ?. യോജിക്കാൻ കഴിയാതെ വരുന്ന സാഹചര്യത്തിൽ ബന്ധം പിരിയുന്നത് ഞങ്ങളുടെ ജീവിതത്തിൽ മാത്രമാണോ?. ഉന്നത സ്ഥാനത്തിരിക്കുന്ന നിങ്ങളുടെ തന്നെ നേതാക്കളുടെ ജീവിതത്തിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടില്ലേ? പ്രബുദ്ധരെന്നും പുരോ​ഗമനകാരികളെന്നും നടിക്കുന്ന ഇടതുപക്ഷക്കാരോട് ഈ ചോദ്യങ്ങൾ ചോദിക്കാതെ ഇനി മുന്നോട്ട് പോകാൻ കഴിയില്ല. ഏത് ചീഞ്ഞുനാറിയ കഥകൾക്കൊപ്പവും ചേർത്ത് നിങ്ങൾക്ക് അപഹസിക്കാനുള്ളതല്ല എന്റെ കുടുംബവും ജീവിതവും.

ഈ പോസ്റ്റിനോടൊപ്പം ചേർത്തിരിക്കുന്ന ഫോട്ടോ നോക്കൂ, എന്തിനാണ് ഞങ്ങളുടെ കുഞ്ഞിനെ പോലും ഇതിലേക്ക് നിങ്ങൾ കൊണ്ടിടുന്നത്. ഏറ്റവും നീചമായ വാക്കുകളല്ലേ നിങ്ങൾ എനിക്കെതിരെ പ്രയോ​ഗിക്കുന്നത്. നിങ്ങളുടെ വനിതാ നേതാക്കൾക്കെതിരെ ഇത്തരം പദങ്ങൾ പ്രയോ​ഗിക്കുമ്പോൾ വൈകാരികമായി പ്രതികരിക്കുന്നത് കാണാറുണ്ടല്ലോ. ഇവിടെ ശശികല റഹീം എന്ന സി.പി.എമ്മുകാരി ഇട്ട പോസ്റ്റിലും അതിന് താഴെ വന്ന കമന്റുകളിലും എന്റെ ആത്മാഭിമാനത്തെയും സ്ത്രീത്വത്തെയും അപമാനിക്കുമ്പോൾ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന കൂട്ടങ്ങൾ തന്നെയല്ലേ ശൈലജ ടീച്ചർക്കും ദിവ്യക്കും ചിന്തയ്ക്കും ആര്യക്കും വേണ്ടി നിലവിളിക്കുന്നത്. രാഷ്ട്രീയ മണ്ഡലത്തിൽ നിന്നും മാറി നിൽക്കുന്നവരാണ് ഞാനും എന്റെ കുഞ്ഞുങ്ങളും. പൊതുപ്രവർത്തകനായ എന്റെ പങ്കാളിയെ നിങ്ങൾക്ക് രാഷ്ട്രീയമായി ആക്രമിക്കാം. അല്ലാതെ എന്റെ കുടുംബജീവിതത്തെയും എന്നെയും നിന്ദ്യമായ ഭാഷയിൽ അപമാനിക്കാൻ അനുവദിക്കില്ല. ശശികല റഹീമിനെതിരെ നിയമപരമായി നീങ്ങാനാണ് എന്റെ തീരുമാനം. ഇനിയും ഇത് അനുവദിച്ച് കൊടുക്കാനാവില്ല…

Related Stories

No stories found.
News Malayalam 24x7
newsmalayalam.com