വയനാട്: ടൗൺഷിപ്പ് നിർമാണ പ്രവൃത്തികൾ അവതാളത്തിലെന്ന ന്യൂസ് മലയാളം വാർത്തയിൽ ഇടപെടലുമായി സർക്കാർ. സ്ഥലം മാറ്റിയ ഉദ്യോഗസ്ഥരെ തിരിച്ച് എത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി ടി. സിദ്ദിഖ് വ്യക്തമാക്കി. ഉദ്യോഗസ്ഥരെ മാറ്റിയത് ഗൗരവമുള്ള കാര്യമാണെന്നും നിർമാണ പ്രവൃത്തിയിൽ ഉഴപ്പാൻ അനുവദിക്കില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഉദ്യോഗസ്ഥരില്ലാതെ വയനാട് ടൗൺഷിപ്പ് നിർമാണം ഇഴയുന്നു എന്ന വാർത്ത ന്യൂസ് മലയാളം റിപ്പോർട്ട് ചെയ്തിരുന്നു. ടൗൺഷിപ്പിലെ ദൈനംദിന പ്രവർത്തനങ്ങൾ മേൽനോട്ടം വഹിക്കാൻ ഉദ്യോഗസ്ഥരില്ല. പ്രോജക്ട് മാനേജർ, ക്വാളിറ്റി കൺട്രോൾ എഞ്ചിനീയർമാർ, സൈറ്റ് സൂപ്പർവൈസർമാർ എന്നിവരുമില്ല. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറെ മാറ്റിയിട്ട് മാസങ്ങൾ പിന്നിട്ടു.
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായുള്ള വീടുകളുടെ രണ്ടാം ഘട്ടം പുരോഗമിക്കുകയാണ്. നിർമാണത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ മേൽനോട്ടം വഹിച്ചിരുന്ന കിഫ്‌കൊൺ ഉദ്യോഗസ്ഥരെയാണ് ഒരാഴ്ച മുമ്പ് മാറ്റിയത്. ഈ വരുന്ന സെപ്റ്റംബറിലായിരുന്നു രണ്ടാം ഘട്ട വീടുകളുടെ നിർമാണം പൂർത്തിയാക്കി നൽകാമെന്ന് സർക്കാർ അറിയിച്ചിരുന്നത്. മാറ്റിയ ഉദ്യോഗസ്ഥർക്ക് പകരം നിയമനം വേഗത്തിൽ ആക്കണമെന്ന് ദുരിതബാധിതർ ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് മന്ത്രിയുടെ ഇടപെടൽ.