മലപ്പുറത്ത് അവധി എടുത്തതിന് സ്കൂൾ വിദ്യാർഥിക്ക് മർദനം. കടുങ്ങാത്തുകുണ്ട് ബാഫഖി യത്തീംഖാന ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസുകാരനെയാണ് ക്ലാസ് ടീച്ചർ ക്രൂരമായി തല്ലിയത്. ഇന്നലെ രാവിലെയാണ് കുട്ടിക്ക് മർദനമേറ്റത്. ക്ലാസ് ടീച്ചർ ശിഹാബ് ആണ് തല്ലിയതെന്ന് വിദ്യാർഥി പറയുന്നു.
കഴിഞ്ഞ ദിവസം ബസ് കിട്ടാത്തതിനാൽ വിദ്യാർഥി സ്കൂളിൽ പോയിരുന്നില്ല. ഇതിൻ്റെ പേരിൽ അധ്യാപകൻ ശിഹാബ് കുട്ടിയെ ചൂരൽ ഉപയോഗിച്ച് തല്ലുകയായിരുന്നു. കുട്ടിയുടെ ശരീരത്തിൽ അടിയേറ്റതിൻ്റെ പാടുകളും കാണാം. അധ്യാപകനെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് വിദ്യാർഥിയുടെ കുടുംബം. കൽപ്പകഞ്ചേരി പൊലീസിൽ പരാതി നൽകിയതായി കുടുംബം പ്രതികരിച്ചു.