കോഴിക്കോട്: കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തിൻ്റെ മുഖച്ഛായ മാറ്റിയ പ്രിസം പദ്ധതി പഠിക്കാൻ അങ്ങ് കശ്മീരിൽ നിന്ന് അധ്യാപകരും വിദ്യാർഥികളും കോഴിക്കോട്ടെക്കെത്തി. കോഴിക്കോട് നടക്കാവ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലാണ് ശ്രീനഗർ കോത്തി ബാഗ് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപകരും വിദ്യാർഥികളും എത്തിയത്.
അധ്യാപകരായ മറിയം അക്ബർ, ഹുമരിയ ഷാ, ഷെയ്ക്ക് സഹൂർ എന്നിവരുടെ നേതൃത്വത്തിൽ പ്ലസ് വണ്ണിലും ഒൻപതിലും പഠിക്കുന്ന അഞ്ചുവീതം വിദ്യാർഥിനികളാണ് നടക്കാവ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെത്തിയത്. കാശ്മീരിലെ വിദ്യാർഥികളെയും അധ്യാപകരെയും നടക്കാവ് സ്കൂളിലെ വിദ്യാർഥികൾ ഇരുകൈയും നീട്ടി സ്വീകരിച്ചു. വിദ്യാർഥികൾ ഒരുക്കിയ തിരുവാതിരയും കോഴിക്കോടിന്റെ രുചിയും സ്‌നേഹവും മനസ്സ് നിറച്ചുവെന്നും, നടക്കാവ് സ്കൂൾ ശരിക്കും അതിശയിപ്പിച്ചുവെന്നും കാശ്മീരി വിദ്യാർഥി പറയുന്നു.
നടക്കാവ് സ്‌കൂളിലെ പ്രിസം പദ്ധതിയിൽ പങ്കാളികളായ ഫൈസല്‍ ആൻഡ് ഷബാന ഫൗണ്ടേഷന്‍ ഒരുക്കിയ സാംസ്കാരിക വിനിമയ പരിപാടിയുടെ ഭാഗമായാണ് ഇവരെത്തിയത്. പ്രിസം മാതൃകയിൽ കോത്തിബാഗ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിനെയും കൈപിടിച്ചുയർത്തുകയാണ് ഫൗണ്ടേഷന്റെ ലക്ഷ്യം. നടക്കാവ് മോഡൽ വിദ്യാഭ്യാസം കശ്‌മീരിലെ വിദ്യാർഥികൾക്കും ലഭ്യമാക്കാനാണ് പദ്ധതി ആസൂത്രണം ചെയ്തത്.
കാരപ്പറമ്പ് സ്‌കൂളും കോർപ്പറേഷൻ ഓഫീസും സന്ദർശിച്ചശേഷം കോഴിക്കോട് ബീച്ചിലെ നൈറ്റ് ലൈഫ് ആസ്വദിക്കാനും അവർ മറന്നില്ല. മിഠായിത്തെരുവ്, കടലുണ്ടി പക്ഷിസങ്കേതം തുടങ്ങിയ ഇടങ്ങളും വിദ്യാർഥികൾ സന്ദർശിച്ചു. വിദ്യാർഥികൾ ഇന്ന് കശ്മീരിലേക്ക് തിരികെപോകും.