

തിരുവനന്തപുരം: സമഗ്ര ശിക്ഷ കേരളയിലെ വിവിധ അക്കാദമിക് തസ്തികകളിലേക്കുള്ള യോഗ്യത മാനദണ്ഡങ്ങൾ വെട്ടിച്ചുരുക്കിയതിനെതിരെ അധ്യാപക സംഘടനകൾ. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലുള്ള തസ്തികകളിലേക്ക് യോഗ്യത കുറഞ്ഞവരെ അപേക്ഷിക്കാൻ ക്ഷണിക്കുന്നതായാണ് പരാതി. നിലവിലെ മാനദണ്ഡങ്ങൾ മൂലം അപേക്ഷകരെ ലഭിക്കാത്തതാണ് നടപടിക്ക് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.
സമഗ്ര ശിക്ഷാ കേരളയുടെ സംസ്ഥാന, ജില്ലാ, പ്രോജക്ട് ഓഫീസുകളിലേക്കും ബ്ലോക്ക് റിസോഴ്സ് സെൻ്റുകളിലേക്കുമുള്ള വിവിധ തസ്തികളിലേക്ക് അപേക്ഷകരെ ക്ഷണിച്ച് ഈ മാസം മൂന്നിനാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ, ജില്ലാ പ്രോജക്ട് കോർഡിനേറ്റർ, ജില്ലാ പ്രോഗ്രാം ഓഫീസർ, ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ, ബി.ആർ.സി ട്രെയിനർ തസ്തികകളിലേക്കാണ് നിയമനം.
വിജ്ഞാപനത്തിൽ നിഷ്കർഷിച്ചിരിക്കുന്ന യോഗ്യതയുള്ളവർ ഈ മാസം ഇരുപതിന് ബന്ധപ്പെട്ട ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കണം. എന്നാൽ അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി അവസാനിക്കുന്നതിന് മുമ്പ് തസ്തികകളിലേക്കുള്ള യോഗ്യതാ മാനദണ്ഡങ്ങൾ വെട്ടിച്ചുരുക്കി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
തസ്തികകളിലെ യോഗ്യതകളിൽ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് എസ്എസ്‌കെ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ നൽകിയ കത്തിനെ തുടർന്നായിരുന്നു നടപടി. ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ, ജില്ലാ പ്രോഗ്രാം ഓഫീസർ, ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ, ബി.ആർ.സി ട്രെയിനർ തസ്തികകളിലേക്കുള്ള യോഗ്യത മാനദണ്ഡങ്ങൾ വെട്ടിച്ചുരുക്കി ഭേദഗതി വരുത്തി. എന്നാൽ ഈ നീക്കം സ്വന്തക്കാരെ തിരുകി കയറ്റാനാണെന്നാണ് ഉയരുന്ന ആക്ഷേപം.
ഹയർ സെക്കൻഡറി അധ്യാപകർകടക്കം പരിശീലനം നൽകേണ്ട തസ്തികകളിലേക്ക് മുൻനിശ്ചയിച്ച പ്രകാരമുള്ള യോഗ്യത മാനദണ്ഡങ്ങൾ ഉറപ്പാക്കണമെന്ന് അധ്യാപക സംഘടനകൾ ആവശ്യപ്പെടുന്നു. അതേസമയം ഉയർന്ന മാനദണ്ഡങ്ങൾ മൂലം അപേക്ഷകരെ ലഭിക്കാത്തതാണ് നടപടിക്ക് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.