തദ്ദേശപ്പോര് | തുടര്‍ച്ചയായി ഭരിച്ചത് ആറ് തവണ; വികസന മുരടിപ്പും ഉപയോഗിക്കാത്ത ഫണ്ടും; തലശേരി നഗരസഭയ്‌ക്കെതിരെ ബിജെപിയുടെ പ്രചാരണ ആയുധം

പൈതൃകനഗരമായ തലശേരി വിവിധ മേഖലകളില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയുള്ള നഗരസഭ കൂടിയാണ്.
തദ്ദേശപ്പോര് | തുടര്‍ച്ചയായി ഭരിച്ചത് ആറ് തവണ; വികസന മുരടിപ്പും ഉപയോഗിക്കാത്ത ഫണ്ടും; തലശേരി നഗരസഭയ്‌ക്കെതിരെ ബിജെപിയുടെ പ്രചാരണ ആയുധം
Published on

കണ്ണൂരില്‍ ബിജെപി മുഖ്യ പ്രതിപക്ഷമായ തദ്ദേശഭരണ സ്ഥാപനമാണ് തലശേരി നഗരസഭ. വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ഭരണത്തുടര്‍ച്ച ഉറപ്പിക്കുന്ന എല്‍ഡിഎഫിനെതിരെ വികസന മുരടിപ്പും ഫണ്ട് വിനിയോഗിക്കാത്തതും പ്രചാരണ ആയുധമാക്കുകയാണ് ബിജെപി. പൈതൃകനഗരമായ തലശേരി വിവിധ മേഖലകളില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയുള്ള നഗരസഭ കൂടിയാണ്. സമീപ പഞ്ചായത്തുകള്‍ കൂടി ചേര്‍ത്ത് കോര്‍പ്പറേഷന്‍ രൂപീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

1866 നവംബര്‍ 1 ന് രൂപീകൃതമായ ആദ്യ നഗരസഭകളില്‍ ഒന്ന്. പടിഞ്ഞാറ് അറബിക്കടലും വടക്ക് ധര്‍മ്മടം പുഴയും തെക്ക് ന്യൂമാഹിയും കിഴക്ക് എരഞ്ഞോളി, തലശ്ശേരി പുഴകളും അതിര്‍ത്തി. പൈതൃകപട്ടണമായ തലശ്ശേരി ഉള്‍പ്പെടുന്ന നഗരസഭ എല്‍ഡിഎഫിന്റെ ഉറച്ച കോട്ടകളില്‍ ഒന്നാണ്. തുടര്‍ച്ചയായി എല്‍ഡിഎഫ് നഗരസഭ ഭരിക്കുന്നത് ഇത് ആറാം തവണ.

തദ്ദേശപ്പോര് | തുടര്‍ച്ചയായി ഭരിച്ചത് ആറ് തവണ; വികസന മുരടിപ്പും ഉപയോഗിക്കാത്ത ഫണ്ടും; തലശേരി നഗരസഭയ്‌ക്കെതിരെ ബിജെപിയുടെ പ്രചാരണ ആയുധം
"പ്രകോപിതരായ ചില യാത്രക്കാരാണ് ചികിത്സ വൈകിപ്പിക്കാൻ കാരണം"; തൃശൂരിലെ യുവാവിൻ്റെ മരണത്തിൽ വിശദീകരണവുമായി റെയിൽവേ

നിലവില്‍ 52 വാര്‍ഡുകളാണ് നഗരസഭയിലുള്ളത്. 37 ഇടത്ത് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍. 33 സിപിഐഎം, 3 സിപിഐ, ഒരിടത്ത് ഐഎന്‍എല്‍. ബിജെപി മുഖ്യ പ്രതിപക്ഷമെന്നത് രാഷ്ട്രീയ കൗതുകം. 8 കൗണ്‍സിലര്‍മാരാണ് തലശ്ശേരിയില്‍ ബിജെപിക്കുള്ളത്. കോണ്‍ഗ്രസിന്റെ മൂന്നും മുസ്ലീം ലീഗിന്റെ നാലും പ്രതിനിധികള്‍ ചേര്‍ന്ന് യുഡിഎഫിന് 7 വാര്‍ഡുകളും.

52 വാര്‍ഡുകളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരില്‍ 30 പേരും വനിതകളെന്ന പ്രത്യേകത കൂടിയുണ്ട് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന ഭരണസമിതിക്ക്. പരിമിതികള്‍ക്കുള്ളില്‍ നിന്ന് വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനായെന്നും അതിന്റെ തുടര്‍ച്ചയാണ് ലക്ഷ്യമെന്നും നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.എം. ജമുനറാണി ടീച്ചര്‍ പറയുന്നു.

കേന്ദ്ര ഫണ്ട് ഉള്‍പ്പെടെ വിനിയോഗിക്കുന്നതില്‍ പരാജയമെന്നും ഒരു പദ്ധതിപോലും നടപ്പാക്കിയെന്ന് പറയാന്‍ പറ്റാത്ത ഭരണമാണ് കഴിഞ്ഞു പോകുന്നതെന്നും ബിജെപി വിമര്‍ശനം. മുഖ്യമന്ത്രി, സ്പീക്കര്‍ ഉള്‍പ്പെടെയുള്ളവരുടെ രാഷ്ട്രീയ പ്രവര്‍ത്തന കേന്ദ്രമായിട്ടും തലശേരിക്ക് അര്‍ഹിച്ച പരിഗണന ലഭിച്ചില്ലെന്ന രാഷ്ട്രീയ വിമര്‍ശനവും ഉയര്‍ത്തുന്നു ബിജെപി.

ടൂറിസം മേഖലയില്‍ പരമാവധി വികസനവും നവീകരണവുമാണ് തലശ്ശേരി പ്രതീക്ഷിക്കുന്നത്. 25 കോടി രൂപ ചിലവില്‍ നിര്‍മിക്കുന്ന എലെവറ്റഡ് വാക്ക് വേ ഉള്‍പ്പെടെ പ്രതീക്ഷകള്‍ ഏറെയാണ്. നഗരത്തിന്റെ സൗന്ദര്യ വത്കരണം, മാലിന്യ സംസ്‌കാരണ സംവിധാനങ്ങള്‍ തുടങ്ങി ഇനിയും മുന്നോട്ട് പോകാനുമേറെ. ഈ തെരഞ്ഞെടുപ്പോടെ ഭരണം പിടിക്കലാണ് ലക്ഷ്യമെന്ന് ബിജെപി പറയുമ്പോള്‍ പ്രധാന പ്രതിപക്ഷം എന്ന നിലയിലേക്ക് തിരിച്ചെത്താന്‍ യുഡിഎഫും ശ്രമം ശക്തമാക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com