കോഴിക്കോട്: താമരശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി ആരോഗ്യ പ്രവർത്തകരുടെ സംഘടനകള്‍. ജില്ലയിലെ മുഴുവൻ സർക്കാർ ആശുപത്രികളിലെയും അത്യാഹിത വിഭാഗമൊഴികെയുള്ള സേവനങ്ങൾ ബഹിഷ്കരിച്ചു.
അക്രമം നടന്ന താമരശേരി താലൂക്ക് ആശുപത്രിയിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധയോഗം ചേർന്നു. കെജിഎംഒഎ, ഐഎംഎ, കെജിെഎൻഎ, എൻജിഒ യൂണിയൻ അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തിൽ താമരശേരി താലൂക്ക് ആശുപത്രിയിലും ജില്ലയിലെ മറ്റ് സർക്കാർ ആശുപത്രികളിലും പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിച്ചു. സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ പേടിയോടെയാണ് ജോലി ചെയ്യുന്നതെന്നും ആരോഗ്യ പ്രവർത്തകർക്ക് കൃത്യമായ സുരക്ഷ ഉറപ്പാക്കണമെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടു.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെജിഎംഒഎ അംഗങ്ങൾ ഇന്ന് കോഴിക്കോട് ജില്ലാ കളക്ടറെ കാണും. ആശുപത്രിക്കെതിരെയും തനിക്കെതിരെയും ഗൂഢാലോചനനടക്കുന്നതായി താമരശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഗോപാലകൃഷ്ണൻ ആരോപിച്ചു.
താലൂക്ക് ആശുപത്രിക്ക് സംഭവിച്ച പിഴവാണ് മകൾ മരിക്കാൻ കാരണം എന്ന ആരോപണം പ്രതി സനൂപിന്റെ ഭാര്യ രംബീസ ആവർത്തിച്ചു. ആശുപത്രിക്കെതിരെ ഗൂഢാലോചന നടക്കുന്നതായി താമരശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഗോപാലകൃഷ്ണൻ ആരോപിച്ചു. പ്രതി സനൂപിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.