ഇടിമുഴക്കം പോലെ മുദ്രാവാക്യം വിളികൾ, പിറന്ന മണ്ണിൽ അവസാനമായി വിഎസ് എത്തി; സങ്കടക്കടലായി വേലിക്കകത്ത് വീട്

തങ്ങളുടെ പ്രിയ സഖാവിനായി മണിക്കൂറുകളോളം കാത്തു നിന്നവർ കണ്ണീർ പൂക്കളോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചത്
വേലിക്കകത്ത് വീട്ടിലെ പൊതുദര്‍ശനം
വേലിക്കകത്ത് വീട്ടിലെ പൊതുദര്‍ശനംSource: News Malayalam 24x7
Published on

ആലപ്പുഴ: വഴിനീളെ കാത്തുനിന്ന ജനസാഗരത്തിന്റെ സ്നേഹാഭിവാദ്യങ്ങൾ ഏറ്റുവാങ്ങി വി.എസ്. അച്യുതാനന്ദൻ ആലപ്പുഴ പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിലെത്തി. തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നിന്ന് കഴിഞ്ഞദിവസം ഉച്ചയോടെ ആരംഭിച്ച വിലാപയാത്ര 22 മണിക്കൂർ പിന്നിട്ടാണ് വീട്ടിലെത്തുന്നത്. വിപ്ലവ നായകനെ കാത്ത് വലിയ ജനക്കൂട്ടമാണ് വീട്ടിലും അദ്ദേഹത്തെ ഒരുനോക്ക് കാണാനായി ഒഴുകിയെത്തുന്നത്.

വികാരനിർഭര നിമിഷങ്ങൾക്കാണ് വേലിക്കകത്ത് വീട് സാക്ഷ്യം വഹിച്ചത്. വിലാപയാത്ര വീടിന് മുന്നിലെത്തിയതോടെ ഇടിമുഴക്കം പോലെ മുദ്രാവാക്യം വിളികൾ ഉയർന്നു. തങ്ങളുടെ പ്രിയ സഖാവിനായി മണിക്കൂറുകളോളം കാത്തു നിന്നവർ കണ്ണീർ പൂക്കളോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചത്.

വേലിക്കകത്ത് വീട്ടിലെ പൊതുദര്‍ശനം
ഒരു മനുഷ്യന്‍, ഒരു കാലം ഒരു ചരിത്രം... കേരളത്തിന്റെ വിഎസ്; ഇനി ജനഹൃദയങ്ങളില്‍

സിപിഐഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി, മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, മന്ത്രി ആർ. ബിന്ദു, ജി. സുധാകരന്‍ തുടങ്ങിയ മുതിർന്ന നേതാക്കളെല്ലാം പുന്നപ്രയിലെ വിഎസിന്റെ വീട്ടിലെത്തിയിട്ടുണ്ട്. ഒരു മണിക്കൂറാണ് വീട്ടിലെ പൊതുദർശനത്തിന് നിശ്ചയിച്ചിരിക്കുന്നത്.

വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം തിരുവമ്പാടിയിലെ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലും ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനമുണ്ടാവും. സമയക്രമം വൈകിയതിനെ തുടര്‍ന്ന് ഡിസിയിലെ പൊതുദര്‍ശനം അരമണിക്കൂറായി ചുരുക്കിയിട്ടുണ്ട്. വൈകിട്ടോടെ വലിയ ചുടുകാട്ടിലേക്ക് സംസ്കാരത്തിനായി വിഎസിൻ്റെ ഭൗതിക ശരീരം കൊണ്ടുപോകും. അഞ്ചുമണിയാേടെ സംസ്കാരം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും സമയക്രമത്തിൽ ചെറിയ മാറ്റം വരുത്തേണ്ടി വരുമെന്നാണ് എം.വി. ഗോവിന്ദൻ അറിയിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com