
തിരുവനന്തപുരം: തിരുമല ബിജെപി കൗൺസിലറായിരുന്ന കെ. അനിൽ കുമാറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് ഡയറി ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. പൂജപ്പുര പൊലീസാണ് കേസ് ഡയറി കൻ്റോൻമെൻ്റ് അസിസ്റ്റൻ്റ് കമ്മിഷണർ സ്റ്റുവർട്ട് കീലറിന് കൈമാറുക. വെള്ളിയാഴ്ച സഞ്ചയനത്തിനുശേഷം അനിലിന്റെ ബന്ധുക്കളുടെ മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
എസിപിയുടെ പ്രാഥമിക റിപ്പോർട്ടിനു ശേഷം അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിന് കൈമാറുമെന്നാണ് സൂചന. അതേസമയം അനിലിന്റെ മരണവുമായി ബന്ധപ്പെട്ട് ബിജെപിയിൽ അമർഷം പുകയുകയാണ്. പ്രതിസന്ധിഘട്ടത്തിൽ അനിലിനെ നേതാക്കൾ സംരക്ഷിച്ചില്ലെന്നാണ് ആക്ഷേപം. ചില കൗൺസിലർമാർ അനിലിന്റെ ബാങ്കിൽ നിന്ന് വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാത്തതും പ്രതിസന്ധി സൃഷ്ടിച്ചെന്നാണ് വിവരം.
അതേസമയം, അനിൽകുമാറിൻ്റെ മരണത്തിന് പിന്നാലെ ഫാം ടൂർ സൊസൈറ്റിയിൽ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്ന് സഹകരണ വകുപ്പ് കണ്ടെത്തിയിരുന്നു. ബാങ്കിൽ നിന്നും 14 ലക്ഷത്തിലധികം രൂപ നഷ്ടമായിട്ടുണ്ട്. സൊസൈറ്റി സെക്രട്ടറിയിൽ നിന്ന് 18 ശതമാനം പലിശയോടെ പണം തിരികെ പിടിക്കണമെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
യൂണിറ്റ് ഇൻസ്പെക്ടറാണ് സൊസൈറ്റിയിൽ പരിശോധന നടത്തിയത്. സർക്കുലറുകൾക്ക് വിരുദ്ധമായി പലിശ നൽകിയതിൽ വൻ നഷ്ടമുണ്ടായെന്നും കണ്ടെത്തിയിട്ടുണ്ട്. കളക്ഷൻ ഏജന്റുമാരെ നിയമിച്ചതിലും കമ്മീഷൻ നൽകിയതിലും ക്രമക്കേട് ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.