

പിഎം ശ്രീ നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ പ്രതികരണവുമായി ബിനോയ് വിശ്വം. കോൺഗ്രസ് ലീഗ് ഗവൺമെൻറ് പിഎം ശ്രീയിൽ മലക്കംമറിഞ്ഞുവെന്നും വാക്കാണ് പ്രധാനം എന്നു പറഞ്ഞ മുഖ്യമന്ത്രി പിഎം ശ്രീയിൽ വാക്കു മാറ്റിയതായും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.
കോൺഗ്രസ് നയിക്കുന്ന ലീഗിന് പങ്കാളിത്തമുള്ള യുഡിഎഫ് സർക്കാർ പദ്ധതിയിൽ പങ്കാളിയാവുകയാണ്. നെഹ്റുവിയൻ സോഷ്യലിസ്റ്റ് എന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി നെഹ്റുവിൻറെ പുസ്തകങ്ങൾ വായിക്കണം. പിഎം ശ്രീ വിദ്യാർഥികളോട് കാണിക്കുന്ന കൊടിയ വഞ്ചനയാണ്. ഇത് വിദ്യാഭ്യാസ രംഗത്തെ ആർഎസ്എസ് അജണ്ടയാണ്.
മുഖ്യമന്ത്രിയുടെ വാക്കും പഴയ ചാക്കും ഒന്നാണ് എന്ന് ഇതിലൂടെ മനസ്സിലായി. മുസ്ലിം ലീഗ്, എംഎസ്എഫ് യൂത്ത് ലീഗ് എല്ലാവരും പഴയ പ്രസ്താവനകൾ പരിശോധിച്ചാൽ മതി. എന്തിനെയാണോ എതിർത്തത് അതിനു കൂട്ടുപിടിക്കുകയാണ് ഇപ്പോളെന്നും ബിനോയ് വിശ്വം പറഞ്ഞു.
പദ്ധതിയിൽ നിന്നും പിന്മാറാൻ വേണ്ടി ഇടതുസർക്കാർ കത്തയച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിന് പദ്ധതിയുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്ന് എൽഡിഫ് സർക്കാർ കേന്ദ്രത്തിനു കത്ത് നൽകിയതായും ബിനോയ് വിശ്വം വ്യക്തമാക്കി. പിഎം ശ്രീയോട് ആദ്യം എതിർപ്പ് രേഖപ്പെടുത്തിയത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.