

വയനാട് എസ്എഫ്ഐയിലെ കയ്യാങ്കളി വിവാദം കൂടുതൽ രൂക്ഷമാകുന്നു. തനിക്ക് വധഭീഷണിയുണ്ടെന്നും ജീവനോടെ ഉണ്ടാകുമെന്ന് ഉറപ്പില്ലെന്നും എസ്എഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി സായന്ത് ആരോപിച്ചു. പൂക്കോട് സർവകലാശാലയിലെ സിദ്ധാർഥന്റെ അനുഭവമുണ്ടാകുമെന്ന് നേതാക്കൾ ഭീഷണിപ്പെടുത്തിയതായും സായന്ത് പറയുന്നു. നേരത്തെ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവും തന്നെ മർദിച്ചെന്ന് ആരോപിച്ച് സായന്ത് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. നേതാക്കൾ സായന്തിനെ ഭീഷണിപ്പെടുത്തുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
മൈക്ക് സ്റ്റാൻഡ് ഉൾപ്പെടെയുള്ളവ ഉപയോഗിച്ചാണ് മർദിച്ചത്, സംഭവം നടന്ന ഉടൻ പാർട്ടിയെ അറിയിച്ചിരുന്നു, നടപടിയെടുക്കുമെന്ന് പാർട്ടി ഉറപ്പും നൽകി. തുടർന്നാണ് വീട്ടിൽപ്പോലും വിഷയം മറച്ചുവെച്ചതെന്നും സായന്ത് പറഞ്ഞു. പോരാട്ടം സംഘടനക്കെതിരെയല്ലെന്നും സായന്ത് കൂട്ടിച്ചേർത്തു. മർദിച്ചവർ പാർട്ടിയോട് തെറ്റ് ഏറ്റുപറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നാണ് സായന്തിന്റെ ആരോപണം. അതേസമയം, സംഭവത്തിൽ ജില്ലാ കമ്മിറ്റി സ്വീകരിച്ച നിലപാടിനെതിരെ ഡിവൈഎഫ്ഐ ഈസ്റ്റ് പനമരം മേഖലാ കമ്മിറ്റി രംഗത്തെത്തി. ജില്ലാ കമ്മിറ്റി ഏകപക്ഷീയമായ തീരുമാനമാണ് എടുത്തതെന്നും നീതിയുക്തമായ നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശയാണുണ്ടായതെന്നും കമ്മിറ്റി വ്യക്തമാക്കി.
വിഷയത്തിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ സംഘടനാ തീരുമാനങ്ങൾ താഴെത്തട്ടിൽ നടപ്പാക്കുന്നതുമായി സഹകരിക്കില്ലെന്നും കമ്മിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, സായന്തിന് പിന്തുണയുമായി നാട്ടിലെ പാർട്ടി പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്.