

ചേരാനല്ലൂർ വാഹനാപകടക്കേസിൽ സമരമുഖത്തേക്ക് ഇറങ്ങി മരിച്ച ജയബാലകൃഷ്ണന്റെ മക്കൾ. വാഹനത്തിന്റെ ആർസി ഉടമയായ ജഡ്ജിക്കെതിരെ നടപടി വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. വാഹനമോടിച്ച പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്നും ആവശ്യം. തെളിവ് നശിപ്പിക്കാൻ പൊലീസ് ശ്രമിച്ചെന്ന ഗുരുതര ആരോപണവും കുടുംബം ആരോപിച്ചു.
കാക്കിയോടുള്ള വിശ്വാസവും ബഹുമാനവും എല്ലാം പോയി. ആ ജഡ്ജിയുടെ കയ്യിലുള്ള കാശിൽ മുന്നിൽ വീണ് പോകുന്നവരാണ് ഈ പൊലീസ് സ്റ്റേഷനിലുള്ളത്. ഈ കേസിൽ തെളിവ് നശിപ്പിക്കൽ തുടങ്ങിയത് ഈ പോലീസ് സ്റ്റേഷനിൽ നിന്നാണെന്നും കുടുംബം പറഞ്ഞു. ഫോട്ടോയെടുക്കാൻ നിനക്ക് ആരാണ് ആധികാരം തന്നതെന്ന് ചോദിച്ച് ആ പൊലീസ് ഉദ്യോഗസ്ഥൻ ഫോൺ പിടിച്ച് വാങ്ങി. ആ മൊബൈൽ ഫോൺ ഉദ്യോഗസ്ഥൻ പ്രതിയായ പതിനേഴുകാരന്റെ അച്ഛൻ, ആ ജഡ്ജിയ്ക്ക് നൽകി. പിതാവിന്റെ കൂടെ വന്നയാളാണ് പൊലീസിന് മുന്നിൽ വെച്ച് ആ ഫോട്ടോ ഡിലീറ്റ് ചെയ്തത്. എന്റെ അച്ഛനെ കൊന്നവന്റെ ഫോട്ടോ എടുക്കുന്നത് വരെ ആ പോലീസ് ഉദ്യോഗസ്ഥർക്ക് പ്രശ്നമായിരുന്നു. നിങ്ങൾക്ക് വേണമെങ്കിൽ സിസിടിവി പരിശോധിക്കാമെന്നും മരിച്ച ജയബാലകൃഷ്ണന്റെ മക്കൾ മാധ്യമങ്ങളോട് പറഞ്ഞു.
നീതി ലഭിക്കുന്നതുവരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് കുടുംബം. ഞങ്ങൾ അറസ്റ്റ് ചെയ്ത് മാത്രമേ ഇവിടെ നിന്ന് മാറ്റാനാകൂ. കഴിഞ്ഞ ദിവസം പൊലീസുകാർ തെറ്റിദ്ധരിപ്പിച്ച് തിരിച്ചയച്ച പോലെ ഇന്ന് ഞങ്ങൾ മടങ്ങിപ്പോകില്ലെന്ന് മക്കൾ പറഞ്ഞു. ഇതൊരു കൊലപാതകമാണെന്ന് ആവർത്തിച്ച കുടുംബം നീതി ലഭിക്കുന്നതുവരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും വ്യക്തമാക്കി. സംഭവത്തിൽ അധികൃതർ ഇനിയെന്ത് നടപടി സ്വീകരിക്കുമെന്നാണ് വരും മണിക്കൂറിൽ അറിയേണ്ടത്.