

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യം കുറഞ്ഞ നികുതിയിൽ വിൽക്കാനുള്ള അനുമതി ബജറ്റിലൂടെ നൽകിയെന്ന് മുൻ ധനമന്ത്രി ബാലഗോപാൽ. പുതിയ ഒരു വിഭാഗം കൂടി മദ്യപാന രംഗത്തേക്ക് എത്തും എന്നതാണ് വീര്യം കുറഞ്ഞ മദ്യ വിൽപ്പനയിലൂടെ ഉണ്ടാകുക.
കഴിഞ്ഞ സർക്കാർ വേണ്ടെന്ന് വെച്ച കാര്യമാണ് ഇപ്പോൾ നടപ്പാക്കുന്നതെന്നും ബാലഗോപാൽ പറഞ്ഞു. മന്ത്രിസഭയിൽ പോലും മദ്യ നികുതിയെ കുറിച്ച് അറിഞ്ഞില്ല. മന്ത്രിസഭയിൽ കൂട്ടുത്തരവാദിത്തം ഇല്ലാത്തതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണിതെന്നും മുൻ ധനമന്ത്രി പറഞ്ഞു.
തീരുമാനം പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്നും കെ.എൻ. ബാലഗോപാൽ ആവശ്യപ്പെട്ടു. അതേസമയം സർക്കാർ മദ്യ നികുതി കുറച്ചതിനെതിരെ സമസ്ത മുഖപത്രം രംഗത്തെത്തിയിരുന്നു. പുതിയ തീരുമാനം മദ്യ കമ്പനികളെ സഹായിക്കാൻ ആണെന്നും മുഖപത്രം ആരോപിച്ചു. സമസ്തയ്ക്ക് പുറമെ പ്രതിപക്ഷവും മദ്യവിരുദ്ധ സംഘടനകളും കടുത്ത വിമർശനങ്ങളാണ് ഉയർത്തിയിരിക്കുന്നത്.