കോഴിക്കോട്: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ ആനുകൂല്യ വിതരണം നിലച്ചു. സ്കൂൾ തലം മുതൽ 35,000- ത്തോളം വിദ്യാർഥികൾക്ക് കഴിഞ്ഞ രണ്ട് വർഷമായി ആനുകൂല്യങ്ങൾ ലഭിച്ചിട്ടില്ല . പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്ന കുട്ടികൾ അടക്കം വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. സംസ്ഥാനത്തെ മുഴുവൻ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികളുടെയും വിദ്യാഭ്യാസം പ്രതിസന്ധിയിലാണ്. വിദ്യാഭ്യാസത്തിനായി സർക്കാരിൽ നിന്ന് ലഭിക്കേണ്ട തുകയാണ് ഇവർക്ക് നിഷേധിക്കപ്പെടുന്നത്.
പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർഥികളാണ് വിദ്യാഭ്യാസ ആനുകൂല്യം കിട്ടാത്തതിനാൽ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നത്. ആനുകൂല്യം ലഭിക്കാത്തതിനെ കുറിച്ച് അറിയുന്നതിനാൽ കോഴ്സ് അവസാനിക്കുന്നത് വരെ കോളജുകൾ ഫീസ് ആവശ്യപ്പെടാറില്ല .എന്നാൽ പഠനം പൂർത്തിയാകുമ്പോൾ സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ മുഴുവൻ ഫീസുംഅടയ്ക്കണം . ഫീസ് നൽകാത്തതിനാൽ പലരുടെയും സർട്ടിഫിക്കറ്റുകൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തടഞ്ഞുവെച്ചിരിക്കുകയാണ്.
2024-25 സാമ്പത്തിക വർഷം വിദ്യാഭ്യാസ ആനുകൂല്യം നൽകുന്നതിന് 54.04 കോടി രൂപ ആവശ്യമായിരുന്നു. എന്നാൽ, ബജറ്റിൽ വകയിരുത്തിയത് 27.5 കോടി മാത്രം . അതുതന്നെ പൂർണമായി നൽകാൻ കഴിഞ്ഞിട്ടുമില്ല . പ്രീ-മെട്രിക് തലത്തിൽ 12,698-ഉം പോസ്റ്റ്-മെട്രിക് തലത്തിൽ 22,413-ഉം വിദ്യാർഥികൾക്കാണ് ആനുകൂല്യം ലഭിക്കേണ്ടിയിരുന്നത് . അതും പൂർത്തിയായില്ല. 2025-26 വർഷം ഒരു വിദ്യാർഥിക്കും ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന് മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കൾ പറയുന്നു .
മത്സ്യത്തൊഴിലാളികളുടെ സമാശ്വാസ പദ്ധതി പ്രകാരമുള്ള ആനുകൂല്യം നൽകുന്നതിലും വീഴ്ചയുണ്ടായി. ട്രോളിങ് നിരോധന കാലത്ത് തൊഴിൽരഹിതരായ മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കേണ്ട സഹായവും ഇനിയും ലഭിച്ചില്ല . സാമ്പത്തിക പ്രതിസന്ധിയാണ് ഫണ്ട് അനുവദിക്കുന്നതിന് തടസ്സമെന്നാണ് സർക്കാർ വിശദീകരണം .