
കാവിക്കൊടി ഏന്തിയ ഭാരതാംബ വിഷയത്തിൽ സർക്കാറിൻ്റെ എതിർപ്പ് ഗവർണറെ രേഖമൂലം അറിയിക്കാൻ സർക്കാർ തീരുമാനം. ഇന്നുചേർന്ന മന്ത്രിസഭായോഗത്തിലാണ് നിർണായക തീരുമാനം കൈക്കൊണ്ടത്. ഭാരതാംബ വിഷയത്തിൽ കേരളത്തിന്റെ നിലപാടറിയിച്ചുകൊണ്ട് മുഖ്യമന്ത്രി ഗവർണർക്ക് കത്ത് നൽകും. ഭാരതാംബ ചിത്രമല്ല, സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നങ്ങളാണ് ഔദ്യോഗിക പരിപാടികളില്‍ ഉപയോഗിക്കേണ്ടതെന്ന് കത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കും.
അതേസമയം, ഗവർണറുടെ പരിപാടികളിൽ മാധ്യമപ്രവർത്തകർക്ക് പ്രവേശനം നിഷേധിക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് രാജ്ഭവൻ അറിയിച്ചു. കേരള കാർഷിക സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയെന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് രാജ്ഭവന്റെ വിശദീകരണം.
രാജ്ഭവനിൽ സംഘടിപ്പിച്ച കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ രാജ്യപുരസ്കാർ വിതരണ ചടങ്ങിലാണ് 'ഭാരതാംബ' ചിത്ര വിവാദം വീണ്ടും ഉയർന്നുവന്നത്. ആർഎസ്എസ് ശാഖകളിൽ ഉപയോഗിക്കുന്ന കാവിക്കൊടിയേന്തിയ 'ഭാരതാംബ' ചിത്രം പരിപാടിയില്‍ ഉപയോഗിച്ചതില്‍ പ്രതിഷേധിച്ച് മന്ത്രി ശിവന്‍കുട്ടി പരിപാടിയില്‍ നിന്ന് ഇറങ്ങിപോകുകയായിരുന്നു.
ഗവർണർ പങ്കെടുത്ത പരിപാടിയില്‍ നിന്ന് ഇത്തരത്തില്‍ ഇറങ്ങിപ്പോയത് ഗുരുതരമായ പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി രാജ്‌ഭവനും രംഗത്തെത്തിയിരുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ 'ഇറങ്ങിപ്പോക്ക്' ഗവർണറെ അപമാനിക്കുന്നതിന് തുല്യമാണെന്നും രാജ്‌ഭവന്‍ വാർത്താക്കുറിപ്പിലൂടെ കുറ്റപ്പെടുത്തി. എന്നാല്‍, ഗവർണർ രാഷ്ട്രീയ അജണ്ടയോടെ പെരുമാറുന്നു എന്നായിരുന്നു വിദ്യാഭ്യാസമന്ത്രിയുടെ നിലപാട്. ഗവർണറുടെ അധികാരങ്ങൾ പാഠ്യവിഷയമാക്കുമെന്നും വി. ശിവൻകുട്ടി പറഞ്ഞിരുന്നു.