കൊച്ചി: കോഴിക്കോട് യുഡിഎഫ് മേയർ സ്ഥാനാർഥി വി.എം. വിനുവിന് കനത്ത തിരിച്ചടി. വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നൽകിയ വിനുവിന്റെ ഹർജി ഹൈക്കോടതി തള്ളി. സെലിബ്രിറ്റിക്ക് പ്രത്യേക പരിഗണന നൽകാൻ ആവില്ലെന്ന് കോടതി.
വി.എം. വിനുവിനെതിരെ രൂക്ഷമായ വിമർശനമാണ് കോടതി ഉയർത്തിയത്. വോട്ടർ പട്ടികയിൽ പേരില്ലാത്തത് കഴിവുകോടാണെന്നായിരുന്നു കോടതിയുടെ വിമർശനം. വോട്ടർ പട്ടികയിൽ പോരുണ്ടോ എന്ന് നോക്കിയില്ലേ? നിങ്ങളുടെ കഴിവുകേടിന് മറ്റ് പാർട്ടികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും ഹൈക്കോടതിയുടെ വിമർശനം.
വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് വി.എം.വിനു ഓൺലൈനായി ഹൈകോടതിയിൽ ഹർജി സമർപ്പിച്ചത്. പുതിയ പട്ടിക പുറത്തെത്തിയപ്പോഴാണ് കോൺഗ്രസ് സ്ഥാനാർഥിയായ വി.എം. വിനുവിൻ്റെ പേരില്ലാത്ത കാര്യം ശ്രദ്ധയിൽപ്പെട്ടത്. എന്നാൽ വോട്ടർ പട്ടികയിൽനിന്ന് വി.എം. വിനുവിൻ്റെ പേര് നീക്കിയതിന് പിന്നിൽ സിപിഐഎമ്മാണെന്നാണ് കോൺഗ്രസ് ആരോപണം.
അതേസമയം, വിനുവിന് പകരം പുതിയ സ്ഥാനാർഥിയെ കണ്ടെത്താൻ ഒരുങ്ങുകയാണ് കോൺഗ്രസ്. പകരക്കാരനെ കണ്ടെത്താൻ ഡിസിസി പ്രസിഡൻ്റ് പ്രവീൺ കുമാറിനെ ചുമതലപ്പെടുത്തി. പാർട്ടിയിൽ നിന്നുളള വ്യക്തികളും പരിഗണനയിലുണ്ട്.