

കൊച്ചി: ജെബി കോശി കമ്മീഷൻ റിപ്പോർട്ടിന് അംഗീകാരം നൽകിയതിന് പിന്നാലെ ഇടതുമുന്നണിയോടുള്ള നിലപാട് കൂടുതൽ മയപ്പെടുത്തി ലത്തീൻ കത്തോലിക്കാ സഭ. കമ്മീഷൻ റിപ്പോർട്ട് അംഗീകരിച്ചു എന്നത് തന്നെ നാഴികക്കല്ലെന്നാണ് സഭയുടെ വിലയിരുത്തൽ. ശുപാർശകൾ അംഗീകരിക്കാൻ കാലതാമസം വന്നത് സ്വാഭാവികമാണ്. ശുപാർശകൾ നടപ്പാക്കുന്നതിന് കുറച്ചുസമയം കൂടി അനുവദിക്കുന്നതിൽ തെറ്റില്ലെന്നും, എൽഡിഎഫ് അതിനോട് വൈകാരിക അടുപ്പം കാണിക്കുമെന്നും ലത്തീൻ കത്തോലിക്കാ സമുദായ വക്താവ് ജോസഫ് ജൂഡ് ന്യൂസ് മലയാളത്തോട് പറഞ്ഞു.
ക്രൈസ്തവ സഭകളുടെ പൊതു ആവശ്യമായിരുന്നു ക്രൈസ്തവസമൂഹത്തിന്റെ പിന്നാക്ക അവസ്ഥ പഠിക്കാൻ കമ്മീഷനെ നിയമിക്കുക എന്നത് നടപ്പാക്കിയത് എൽഡിഎഫ് സർക്കാരാണ്. പിന്നീട് ഈ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്നും കമ്മീഷൻ ശുപാർശകൾ നടപ്പാക്കണം എന്നും ആവശ്യപ്പെട്ടായിരുന്നു നിരന്തര സമരങ്ങൾ. അപ്പോഴെല്ലാം സർക്കാർ പറഞ്ഞത് കമ്മീഷൻ റിപ്പോർട്ട് സർക്കാർ നടപ്പാക്കി വരികയാണ് എന്നായിരുന്നു ഇതിനെ മുഖവിലക്കെടുക്കാൻ സഭകളോ സംഘടനകളോ തയ്യാറായില്ല. ഒടുവിൽ സംസ്ഥാന സർക്കാർ ജെബി കോശി കമ്മീഷൻ റിപ്പോർട്ട് അംഗീകരിച്ചു.
അതിനെ സ്വാഗതം ചെയ്ത സഭകൾ റിപ്പോർട്ട് പുറത്തുവിടാതെ കാര്യമായ പ്രതികരണത്തിലേക്ക് ഇല്ല എന്ന നിലപാട് സ്വീകരിച്ചു. ഒടുവിൽ ക്രൈസ്തവ സഭകളുടെ നേതൃത്വവുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയ്ക്ക് പിന്നാലെ റിപ്പോർട്ട് പൂർണമായി സർക്കാർ പുറത്തുവിട്ടു. റിപ്പോർട്ടിലെ ശുപാർശകൾ ഒന്നും തന്നെ സർക്കാർ നടപ്പാക്കിയില്ലെന്ന് ക്രൈസ്തവ സഭ നേതൃത്വം പറഞ്ഞു. കമ്മീഷണർ റിപ്പോർട്ടിലെ ശുപാർശകളും സർക്കാരിൻറെ അവകാശവാദവും തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ടെന്ന് ലത്തീൻ കത്തോലിക്കാ സഭ വക്താവ് ജോസഫ് ജൂഡ് വ്യക്തമാക്കി.
എന്നാൽ ഇത് സർക്കാരിന് തിരിച്ചടിയാവില്ല. കമ്മീഷൻ റിപ്പോർട്ട് അംഗീകരിക്കുന്നതിലും നടപ്പാക്കുന്നതിലും വന്ന കാലതാമസം സ്വാഭാവികം മാത്രമാണ് അതിന് തക്കതായ കാരണങ്ങൾ ഉണ്ടെന്നും ജോസഫ് ജൂഡ് പറഞ്ഞു. അതിനാൽ കുറച്ചുകൂടി കാലതാമസം സർക്കാറിന് അനുവദിക്കുന്നതിൽ തെറ്റില്ല. ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ കാലങ്ങളായുള്ള ആവശ്യമായിരുന്നു സമുദായ സർട്ടിഫിക്കറ്റ് കാര്യത്തിൽ സർക്കാരിൻ്റെ ഉദാരമായ സമീപനം എൽഡിഎഫുമായി സമുദായത്തിന് ഉണ്ടായിരുന്ന അകൽച്ച ഇല്ലാതാക്കി.
ഇതോടെ സമദൂരം പരസ്യമായി പ്രഖ്യാപിക്കുമ്പോഴും സംസ്ഥാന സർക്കാരിനെതിരായ നിലപാട് സ്വീകരിക്കേണ്ടെന്നാണ് ലത്തീൻ കത്തോലിക്ക വിഭാഗത്തിന്റെ തീരുമാനം. തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജനത്തിലും അർഹമായ പരിഗണന സമുദായത്തിന് കിട്ടിയാൽ എൽഡിഎഫിനോട് കൂടുതൽ ചായുന്ന സമീപനമാകും ലത്തീൻ കത്തോലിക്ക സമുദായം ഈ തെരഞ്ഞെടുപ്പിൽ സ്വീകരിക്കുക.