

കണ്ണൂർ: മന്ത്രി കെ.എം. ഷാജിയുടെ ഔദ്യോഗിക വാഹനത്തെ ചൊല്ലിയുള്ള വിവാദം പുകയുന്നതിനിടെ വാഹനം പ്രവാസി മലയാളിയുടേതെന്ന് കണ്ടെത്തൽ. കണ്ണൂർ തില്ലങ്കേരി സ്വദേശി യാക്കൂബ് വാണിയടത്തിൻ്റെ കോടികൾ വില വരുന്ന റെയ്ഞ്ച് റോവർ കാറാണ്, സർക്കാർ നൽകിയ വാഹനത്തിന് പകരം മന്ത്രി ഔദ്യോഗിക വാഹനമായി ഉപയോഗിക്കുന്നത്.
വർഷങ്ങളായി റിയാദിൽ ബിസിനസ് ചെയ്യുന്ന യാക്കൂബ് ലീഗ് പ്രവാസി സംഘടനയായ കെഎംഎംസിയുടെ കണ്ണൂർ ജില്ലാ ഭാരവാഹിയാണ്. കെ.എം. ഷാജിയുമായി ഏറെ അടുപ്പമുള്ള വ്യവസായിയാണ് യാക്കൂബ്.
സർക്കാർ വാഹനം ഉപയോഗയോഗ്യമല്ലാത്തതിനാലാണ് സുഹൃത്ത് നൽകിയ കാർ ഔദ്യോഗിക വാഹനമായി ഉപയോഗിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. സുഹൃത്തിൻ്റെ വാഹനത്തിൽ ബോർഡ് വെച്ച് യാത്ര ചെയ്യുന്നതിന് സർക്കാരിൻ്റെ അനുമതിയുണ്ടെന്ന് കെ.എം. ഷാജി വ്യക്തമാക്കിയിരുന്നു.
എന്നാൽ ഒരാളിൽ നിന്നും സൗജന്യം കൈപ്പറ്റാൻ പാടില്ലെന്നിരിക്കേ മന്ത്രിയുടേത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ആരോപണം ഉയർന്നിരുന്നു. പ്രതിഫലം നൽകാതെ ആഡംബര വാഹനം ഉപയോഗിക്കുന്നത് വാഹനം നൽകിയ വ്യക്തിയോട് മമതയുണ്ടാകാൻ കാരണമാകുമെന്നും വിമർശനം ഉയരുന്നുണ്ട്.