ഇടുക്കി: 1964ലെ ഭൂപതിവ് ചട്ടപ്രകാരം പതിച്ചു നൽകിയ ഭൂമിയിൽ വാണിജ്യാവശ്യത്തിനു കെട്ടിടം നിർമിക്കാൻ പുതിയ ചട്ടത്തിലും അനുമതിയില്ലെന്ന പരാതിയുമായി ഇടുക്കി ജില്ലയിലെ പ്രതിപക്ഷം. പട്ടയ ഭൂമിയിൽ വാണിജ്യാവശ്യത്തിന് കെട്ടിടം നിർമിക്കുന്നതിന് അനുമതി നൽകുന്നത് ഭൂപതിവ് നിയമഭേദഗതി ഏഴാം വകുപ്പിലെ ഒബി ചട്ടപ്രകാരമാണ്. രണ്ടാം ചട്ടമാണ് പട്ടയ ഭൂമിയുടെ സ്വതന്ത്ര വിനിയോഗം ഉറപ്പാക്കുന്നത്. ഈ ചട്ടം പരിഗണിക്കുമെന്നാണ് സർക്കാർ അറിയിച്ചത്.
നികുതിയടച്ച്, അനുമതിയോടെ കെട്ടിടം നിർമിച്ച ശേഷം ചട്ടലംഘനത്തിന്റെ പേരിൽ നമ്പർ ലഭിക്കാത്തതിനാൽ സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയാത്തവർക്ക് ഫീസ് അടച്ച് കെട്ടിടം ഉപയോഗിക്കുന്നതിന് അവസരം ലഭിക്കുമെന്നാണ് റവന്യൂ വകുപ്പ് ഉറപ്പ് . എന്നാൽ വാണിജ്യാവശ്യത്തിന് പുതിയ കെട്ടിടം നിർമിക്കാൻ തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് തുടർന്നും അനുമതി ലഭിക്കില്ലെന്നാണ് പ്രതിപക്ഷ ആരോപണം. പിഴ അടച്ചുള്ള ക്രമവൽക്കരണം ഉദ്യോഗസ്ഥ അഴിമതിക്ക് കളമൊരുക്കുമെന്നും യുഡിഎഫ് ആരോപിക്കുന്നു.
എന്നാൽ 2024 ജൂൺ 7 വരെ നിർമിച്ച കെട്ടിടങ്ങൾക്ക് ഫീസ് അടച്ച് ക്രമവൽക്കരിക്കാനുള്ള ഭൂപതിവ് നിയമഭേദഗതി ചട്ടം അംഗീകരിച്ച എൽഡിഎഫ് സർക്കാർ ഇടുക്കി ജനതയ്ക്ക് ഒപ്പമെന്ന് ഭരണപക്ഷ പാർട്ടികൾ അവകാശപ്പെടുന്നത്. പതിച്ചുകിട്ടിയ ഭൂമിയിലെ വകമാറ്റിയുള്ള വിനിയോഗം ക്രമീകരിക്കപ്പെടും എന്ന എൽഡിഎഫ് സർക്കാരിൻ്റെ വാഗ്ദാനം ഉറപ്പാക്കിയെന്നും ഭരണപക്ഷം പറയുന്നു. വില്ലേജ് ഓഫിസിൽ നിന്ന് വസ്തു നികുതി അടച്ചതിന്റെ രേഖകളും കൈവശാവകാശ രേഖയും അപേക്ഷയോടൊപ്പം സമർപ്പിക്കുമ്പോഴാണ് പഞ്ചായത്തിൽനിന്നും കെട്ടിട നിർമാണാനുമതി ലഭിക്കുക. എന്നാൽ 2019ലെ സർക്കാർ ഉത്തരവ് പ്രകാരം റവന്യു വകുപ്പിൽനിന്ന് നൽകുന്ന കൈവശാവകാശ രേഖയിൽ ഭൂമി ഏതാവശ്യത്തിനാണു പതിച്ചു നൽകിയതെന്ന് രേഖപ്പെടുത്തണമെന്നുണ്ട്.
വിഷയത്തിൽ ഇടുക്കി രൂപതയും സർക്കാരിനോട് ഇടർച്ചയിലാണ്. നിർമാണ നിരോധനം തുടരുന്ന കാലമത്രയും ഇടുക്കിയുടെ വികസനം പൂർണമാകില്ലെന്നും ടൂറിസം മേഖലയ്ക്ക് വലിയ തിരിച്ചടിയാണ് ചട്ടഭേദഗതിക്ക് ശേഷവും നിലനിൽക്കുന്നതെന്നും ഇടുക്കി രൂപത പറയുന്നു. ഭൂപതിവു ചട്ട പ്രകാരം ഭൂമി പതിച്ചു നൽകിയത് കൃഷിക്കും വീട് നിർമാണത്തിനുമായതിനാൽ തദ്ദേശ സ്ഥാപനങ്ങൾ വാണിജ്യാവശ്യത്തിനുമുള്ള കെട്ടിട നിർമാണത്തിന് അനുമതി ലഭിക്കില്ലെന്നും ചട്ട രൂപീകരണം ഉദ്യോഗസ്ഥ അഴിമതിക്ക് വഴിവെക്കുമെന്നുമാണ് പ്രധാന വിമർശനം.