തൃശൂര്‍ വെടിക്കെട്ട് ദുരന്തം: ചൂട് കാരണമല്ലെന്ന് പെസോ, അളവില്‍ കൂടുതല്‍ കരിമരുന്ന് കൈകാര്യം ചെയ്തതായി സംശയം

പടക്ക നിർമാണത്തിലെ പരിചയ കുറവ് ഉള്ളവർ ഉണ്ടാകാം എന്നുമാണ് പെസോയുടെ വിലയിരുത്തൽ
തൃശൂർ വെടിക്കെട്ട് ദുരന്തം
Published on
Updated on

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം ചൂട് കാരണമല്ലെന്ന് പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ്റെ (പെസോ) പ്രാഥമിക വിലയിരുത്തൽ. അളവിൽ കൂടുതൽ കരിമരുന്ന് കൈകാര്യം ചെയ്തിട്ടുണ്ട് എന്നാണ് സംശയം. പടക്ക നിർമാണത്തിലെ പരിചയ കുറവ് ഉള്ളവർ ഉണ്ടാകാം എന്നുമാണ് പെസോയുടെ വിലയിരുത്തൽ. അതേസമയം, ദുരന്ത ഭൂമിയിൽ നിന്ന് വീണ്ടും ശരീര ഭാഗങ്ങൾ ലഭിച്ചിരുന്നു. മനുഷ്യന്റെ ആന്തരീകാവയവങ്ങളാണ് ലഭിച്ചത് എന്നാണ് നിഗമനം. നിലവിൽ പെസോ, ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ് , ഫോറൻസിക്, അഗ്നിശമന സേന എന്നിവരുടെ തെരച്ചിൽ താത്കാലികമായി അവസാനിപ്പിച്ചു.

സംഭവത്തിൽ നാല് പേരെ ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് തൃശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. ഒൻപത് മരണമാണ് സ്ഥിരീകരിച്ചത്. എട്ടുപേരുടെ മൃതദേഹം വിട്ടുകൊടുത്തു. ഒരാളുടെ ഡിഎൻഎ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. ഡിഎൻഎ സാമ്പിൾ എടുക്കാൻ കഴിയുന്ന 32 ശരീരഭാഗങ്ങളാണ് ലഭിച്ചത്. എല്ലാ ശരീരഭാഗങ്ങളും ഡിഎൻഎ പരിശോധനക്ക് വിധേയമാക്കും. തിരുവനന്തപുരത്തുള്ള ലാബിലാണ് ഡിഎൻഎസ് ടെസ്റ്റ് ചെയ്യുക.

റിസൽട്ട് മൂന്നോ നാലോ ദിവസത്തിനുള്ളിൽ ലഭിക്കും. എല്ലാ കണക്കുകളും ക്രോഡീകരിച്ച ശേഷം മാത്രമേ മരിച്ചവരുടെ എണ്ണം വ്യക്തമാകുകയുള്ളു എന്നും തൃശൂർ ജില്ലാ കളക്ടർ അറിയിച്ചു. പതിനൊന്ന് പേരാണ് തൃശൂർ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആയിട്ടുള്ളത്. ഇതിൽ അഞ്ചു പേരുടെ നില ഗുരുതരമാണ്. രണ്ടുപേർ വെന്റിലേറ്ററിലാണ് അതിലൊരാൾക്ക് ഒരു സർജറി കൂടി കഴിഞ്ഞിട്ടുണ്ട്. പത്ത് പേരാണ് വീടുകളിൽ സുരക്ഷിതമായി എത്തിയതെന്നും കളക്ടർ വ്യക്തമാക്കി.

തൃശൂർ വെടിക്കെട്ട് ദുരന്തം
തൃശൂര്‍ വെടിക്കെട്ട് ദുരന്തം: പാറമേക്കാവിൻ്റെ വെടിക്കെട്ട് നിർമാണത്തിന് സ്റ്റോപ്പ് മെമ്മോ

34 പേരാണ് അപകട സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നതെന്നാണ് ഡിജിപി റവാഡ ചന്ദ്രശേഖർ വ്യക്തമാക്കിയത്. അതേസമയം, വെടിക്കെട്ട് അപകടത്തെ സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുമെന്നും അന്വേഷണ ചുമതല ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ക്ക് ആയിരിക്കുമെന്നും സർക്കാർ അറിയിച്ചിരുന്നു.

മരിച്ചവരുടെ കുടുംബങ്ങൾക്ക് പതിനാല് ലക്ഷം രൂപ ധനസഹായം നൽകാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായിട്ടുണ്ട്. പരിക്കേറ്റവർക്ക് 2 ലക്ഷം അടിയന്തിര സഹായവും നൽകും. ചികിത്സ ചെലവ് മുഴുവൻ സർക്കാർ വഹിക്കുമെന്നും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായിട്ടുണ്ട്.

ഏപ്രിൽ 21ന് ഉച്ചയ്ക്ക് ശേഷമാണ് മുണ്ടത്തിക്കോട് പടക്കപ്പുരയിൽ വൻ സ്ഫോടനം ഉണ്ടായത്. തൃശൂർ പൂരത്തിൻ്റെ ഭാഗമായി തിരുവമ്പാടിക്ക് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമിക്കുന്ന സ്ഥലത്തായിരുന്നു സ്ഫോടനം ഉണ്ടായത്. 13 പേർക്കാണ് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത്. പ്രദേശത്ത് തുടർച്ചയായി സ്ഫോടനം ശബ്ദം കേൾക്കുകയും പുക ഉയരുന്നത് കാണുകയും ചെയ്തതോടെ നാട്ടുകാർ അപകടം മനസിലാക്കി ഓടിയെത്തുകയായിരുന്നു. അപകട സാധ്യത കണക്കിലെടുത്ത് ആളൊഴിഞ്ഞ പ്രദേശത്താണ് താൽക്കാലികമായ പടക്കപ്പുര തയ്യാറാക്കിയിരുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com