തിരുവനന്തപുരം: കോർപ്പറേഷൻ ബജറ്റിലെ സുപ്രധാന പദ്ധതികളിലൊന്നാണ് പിഎം ഭവന യോജന. പദ്ധതിക്കായി മുഴുവൻ തുകയും ചിലവാക്കുന്നത് കോർപ്പറേഷനാണെന്നാണ് അവകാശവാദം. എന്നാൽ അങ്ങനെയല്ലെന്നാണ് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തിയത്. പദ്ധതി ബിജെപിയുടെ തെരഞ്ഞെടുപ്പ് സ്റ്റണ്ടാണോ? പ്രധാനമന്ത്രി ആവാസ് യോജനയിൽ ലഭിച്ച തുക ലഭിക്കും, കൂടുതൽ തുക ലഭിക്കുമെന്ന പ്രതീക്ഷ തെറ്റാണ് എന്നായിരുന്നു കഴിഞ്ഞ ദിവസം പുത്തരിക്കണ്ടം മെെതാനത്ത് പിഎം ഭവന യോജന പദ്ധതിയുടെ ഗുണഭോക്ത്യ സംഗമത്തിനിടെ മേയർ വി.വി. രാജേഷ് പറഞ്ഞത്.
എന്നാൽ കോർപറേഷൻ ബജറ്റിൽ ഈ പദ്ധതി പ്രഖ്യാപിക്കുമ്പോൾ ഭരണസമിതിയുടെ വാഗ്ദാനം ഇങ്ങനെയായിരുന്നില്ല. ഇക്കഴിഞ്ഞ ഫെബ്രുവരി 24ന് ഡെപ്യൂട്ടി മേയർ ആശാനാഥ് ജി.എസ്. അവതരിപ്പിച്ച ബജറ്റിലാണ് മുഴുവൻ തുകയും നഗരസഭ നൽകുമെന്ന പ്രഖ്യാപനം. എന്നാൽ യാഥാർത്ഥ്യം ഇങ്ങനെയല്ല. നഗരസഭയുടെ പിഎംബിവൈ പദ്ധതിയിലൂടെ കേന്ദ്രസർക്കാർ പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജനയിലെ തുക മാത്രമേ ഗുണഭോക്താകൾക്ക് ലഭിക്കൂ. തത്വത്തിൽ പ്രധാനമന്ത്രി ആവാസ് യോജനയാണ് തിരുവനന്തപുരത്തും നടപ്പിലാക്കുന്നത്.
പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ സ്വന്തമായി സ്ഥലമില്ലാത്ത ഒരു വ്യക്തിക്ക് പരമാവധി ലഭിക്കുക 10 ലക്ഷം രൂപയാണ്. സ്ഥലം വാങ്ങുന്നതിനായി ജനറൽ വിഭാഗത്തിന് പരമാവധി അഞ്ചേകാൽ ലക്ഷം രൂപ ലഭിക്കും. പട്ടികജാതി വിഭാഗത്തിലുള്ളവർക്ക് ഇത് 6 ലക്ഷമാണ്. സ്ഥലമുള്ളവർക്ക് വീട് നിർമിക്കാൻ ലഭിക്കുന്നത് 4 ലക്ഷം രൂപയാണ്. 1.5 ലക്ഷം രൂപ കേന്ദ്രസർക്കാർ വിഹിതം, 2 ലക്ഷം തദ്ദേശ സ്ഥാപനം, 50,000 സംസ്ഥാന സർക്കാർ എന്നിങ്ങനെയാണ് കണക്ക്.
ബജറ്റിൽ പിഎംബിവൈ എന്നൊരു പദ്ധതിയുണ്ടെങ്കിലും അതിന്റെ മാർഗരേഖ നഗരസഭ ഇതുവരെയും തയ്യാറാക്കിയിട്ടില്ല. ചുരുക്കത്തിൽ കേന്ദ്ര സർക്കാർ പദ്ധതി നഗരസഭയുടേതാക്കി മാറ്റി അവതരിപ്പിക്കുക മാത്രമാണ് ചെയ്തത്. നിയമസഭ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് പദ്ധതിയുടെ ആദ്യഘട്ടം ആരംഭിക്കാനുള്ള തത്രപാടിലാണ് താനും. പദ്ധതിയുടെ പേര് മാറ്റി ജനങ്ങളെ കബളിപ്പിക്കുകയാണെന്ന ആക്ഷേപം ഇതിനോടകം ഉയർന്ന് കഴിഞ്ഞിട്ടുണ്ട്. മറുപടി പറയേണ്ടത് ബിജെപി ഭരണസമിതിയാണ്.