

കൊച്ചി: അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പൊലീസിനെയും സർക്കാരിനെയും കുടഞ്ഞ് ഹൈക്കോടതി. പൊലീസും ഡോ.റാമും ഒത്തുകളിച്ചുവെന്നും പണത്തിന് മേലെ പരുന്തും പറക്കില്ലെന്നും കോടതി വിമർശിച്ചു.
മുഖ്യപ്രതിയായ ഡോ.എം.കെ റാമിനെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ച പൊലീസിൻ്റെ നടപടിയിലാണ് കോടതിയുടെ വിമർശനം. പാവപ്പെട്ടവരെ ഉപദ്രവിക്കുകയും സ്വാധീനമുള്ളവരെ രക്ഷിക്കുകയും ചെയ്യുന്ന സംസ്ഥാനത്തെ പൊലീസ് സംവിധാനം പൂർണ പരാജയമെന്നും കോടതി പറഞ്ഞു.
പണമുള്ളവർക്ക് എന്തും ചെയ്യാമെന്ന അവസ്ഥയാണ് നിലവിലുള്ളത്. പണത്തിന് മീതേ പരുന്തും പറക്കില്ല. ഡോ.എം.കെ. റാം കീഴടങ്ങാൻ പോലീസ് കാത്തിരുന്നു. പ്രതി നൽകിയ പണത്തിന് ആഹാരവും കഴിച്ച് നടക്കുകയാണ് പോലീസെന്നും കോടതി പറഞ്ഞു.
ഒടുവിൽ പ്രതിയ്ക്ക് രക്ഷപ്പെടാനായി നടപടി ക്രമങ്ങൾ പാലിക്കാതെ പേരിനൊരു അറസ്റ്റും നടത്തി. സ്വാധീനമുള്ളവരെ പൊലീസ് രക്ഷിക്കും. പാവപ്പെട്ടവരെ ഉപദ്രവിക്കും. റാമിനെ രക്ഷപ്പെടാൻ സഹായിച്ച ഡിവൈഎസ്പി തികച്ചും കഴിവുകെട്ട ഉദ്യോഗസ്ഥനാണ്. ഡോ.റാമിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചതിൽ കോടതി പൊലീസിനും സർക്കാരിനുമെതിരെ പൊട്ടിത്തെറിച്ചു.
സംസ്ഥാനത്ത് എന്താണീ നടക്കുന്നത്. എന്തിനാണിവിടെ പൊലീസ് ? ഈ സംവിധാനം പൂർണ പരാജയമാണ്. ജനങ്ങൾ ഇത് കാണുന്നുണ്ടെന്ന് ഹൈക്കോടതി ഓർമിപ്പിച്ചു. പ്രതിയെ അറസ്റ്റ് ചെയ്യുമ്പോഴും വിട്ടയക്കുമ്പോഴും പാലിക്കേണ്ട അടിസ്ഥാന നടപടിക്രമങ്ങൾ എന്തുകൊണ്ട് പാലിച്ചില്ല എന്നും കോടതി ചോദിച്ചു.
കേസിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് അടക്കം പങ്കുള്ള വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. ഇതിൽ അന്വേഷണം നടത്തണം. സത്യാവസ്ഥ പുറത്തുകൊണ്ടു വരാൻ ഉന്നത ഉദ്യോഗസ്ഥരുടെയും പ്രതിഭാഗം അഭിഭാഷകരുടെയും ഫോൺ രേഖകൾ വിശദമായി പരിശോധിക്കണം. അല്ലാത്ത പക്ഷം കോടതിക്ക് നേരിട്ട് അന്വേഷണം പ്രഖ്യാപിക്കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
സംസ്ഥാന സർക്കാരിൻ്റെയും പൊലീസ് സംവിധാനത്തിൻ്റെയും പൂർണ പരാജയമാണ് ഈ കേസിൽ കാണാൻ കഴിയുന്നതെന്നും കോടതി വ്യക്തമാക്കി. കേസിൻ്റെ രേഖകൾ ഹാജരാക്കാൻ പ്രിൻസിപ്പൽ സെഷൻസ് കോടതിയ്ക്ക് ജസ്റ്റിസ് എ. ബദറുദ്ദീൻ്റെ ബെഞ്ച് നിർദേശം നൽകി. അറസ്റ്റ് നടപടിക്രമങ്ങളിലെ പൊലീസ് വീഴ്ച കടുത്ത അശ്രദ്ധയുടെ ഫലമെന്ന് നിതിൻ രാജിൻ്റെ കുടുംബം ഹൈക്കോടതിയിൽ പറഞ്ഞു. കേസിൽ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും കുടുംബം കുറ്റപ്പെടുത്തി...
കഴിഞ്ഞ ഏപ്രിൽ 10നാണ് ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജ് കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചത്. അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്നാണ് നിതിൻ ജീവനൊടുക്കിയതെന്നാണ് കേസ്.