

മലപ്പുറം: കേരളത്തിൽ മാനദണ്ഡങ്ങൾ പാലിക്കാത്ത ചൈനീസ് സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെ വിൽപ്പന വ്യാപകമെന്ന് കണ്ടെത്തൽ. മലപ്പുറം ഡ്രഗ്സ് കൺട്രോൾ യൂണിറ്റ് നടത്തിയ പരിശോധനയിൽ ടി.വൈ.എ ഫാഷൻ കോസ്മെറ്റിക്സിന്റെ 14 ഇനം ഉൽപ്പന്നങ്ങളാണ് കണ്ടെത്തിയത്. ഇവയിൽ ഒന്നിനുപോലും വിദേശ സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെ വിൽപ്പനയ്ക്ക് ആവശ്യമായ സർട്ടിഫിക്കറ്റുകളില്ലെന്നാണ് പരിശോധനാ റിപ്പോർട്ടിലെ കണ്ടെത്തൽ. ഡ്രഗ്സ് കൺട്രോൾ റിപ്പോർട്ടിന്റെ പകർപ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു.
വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന സൗന്ദര്യവർധക ഉൽപ്പന്നങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ രജിസ്ട്രേഷൻ നിർബന്ധമാണ്. ആവശ്യമായ രജിസ്ട്രേഷൻ ഇല്ലാത്ത കോസ്മെറ്റിക്സ് ഉൽപ്പന്നങ്ങൾ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാൻ അനുമതിയില്ല. എന്നാൽ ഈ നിബന്ധനകൾ പാലിക്കാതെയാണ് ചൈനീസ് സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ കേരളത്തിലെ വിപണിയിൽ വിൽപ്പനയ്ക്കെത്തുന്നതെന്നാണ് വിവരം.
ഇറക്കുമതി ചെയ്യുന്ന സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെ ലേബലിൽ നിർബന്ധമായും ഇറക്കുമതി രജിസ്ട്രേഷൻ നമ്പർ രേഖപ്പെടുത്തണം. കൂടാതെ ഇറക്കുമതിക്കാരന്റെ പേരും വിലാസവും ലേബലിൽ ഉണ്ടായിരിക്കണം. എന്നാൽ മലപ്പുറം ഡ്രഗ്സ് കൺട്രോൾ യൂണിറ്റ് പരിശോധിച്ച ടി.വൈ.എ ഫാഷൻ കോസ്മെറ്റിക്സിന്റെ 14 ഉൽപ്പന്നങ്ങളിലും ആവശ്യമായ രേഖകളും മാനദണ്ഡങ്ങളും പാലിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
വിദേശ സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെ ഇറക്കുമതിയും വിൽപ്പനയും നിയന്ത്രിക്കുന്നതിനുള്ള വ്യവസ്ഥകൾ നിലനിൽക്കെയാണ് ഇത്തരം ഉൽപ്പന്നങ്ങൾ വിപണിയിൽ വ്യാപകമായി എത്തുന്നത്. ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം, സുരക്ഷ, നിയമാനുസൃതമായ ഇറക്കുമതി എന്നിവ സംബന്ധിച്ചും ഇതോടെ ചോദ്യങ്ങൾ ഉയരുകയാണ്.
ഉപഭോക്താക്കൾക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കാൻ വിപണിയിൽ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്നതിലേക്കാണ് ഈ കണ്ടെത്തൽ വിരൽചൂണ്ടുന്നത്. നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കാതെ ഇറക്കുമതി ചെയ്ത് വിൽക്കുന്ന സൗന്ദര്യവർധക ഉൽപ്പന്നങ്ങൾക്കെതിരെ തുടർനടപടികൾ ഉണ്ടാകുമോയെന്നാണ് ഇനി അറിയേണ്ടത്.