ഡൽഹി: കേരളത്തിന് നല്‍കാനുള്ള എസ്എസ്എ ഫണ്ടിൻ്റെ ആദ്യ ഗഡു നൽകി കേന്ദ്രം. 92.41 കോടി രൂപയാണ് വിദ്യാഭ്യാസ വകുപ്പിന് അനുവദിച്ചത്. ഫണ്ട് ഉടന്‍ നല്‍കുമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചതിന് പിന്നാലെ ആണ് ഫണ്ട് നൽകിയത്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഉള്ള തുകയാണ് അനുവദിച്ചത്. കേരളം സമർപ്പിച്ച 109 കോടി രൂപയിലാണ് ഈ തുക അനുവദിച്ചത്. നോൺ രക്കറിങ് ഇനത്തിൽ ഇനി 17 കോടിയാണ് ഇനി കിട്ടാൻ ഉള്ളത്.
കേരളത്തിനുള്ള നല്‍കാനുള്ള എസ്എസ്എ ഫണ്ട് ഉടന്‍ നല്‍കുമെന്ന് കേന്ദ്രസർക്കാർ ഇന്ന് സുപ്രീം കോടതിയിൽ ഉറപ്പ് നൽകിയിരുന്നു. സ്പെഷ്യൽ അധ്യാപകരുടെ നിയമന കേസിലാണ് കേന്ദ്ര സർക്കാർ നിലപാട് അറിയിച്ചത്.
പിഎം ശ്രീ ഫണ്ട് മരവിപ്പിച്ചെങ്കിലും കേന്ദ്ര സർക്കാരിൽ നിന്ന് എസ്എസ്കെ ഫണ്ട് ലഭിക്കാനുള്ള ശ്രമം തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു. തൊഴിൽ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ നവംബർ 10ന് ന്യൂഡൽഹിയിൽ പോകുമെന്നും ഫണ്ടിൻ്റെ കാര്യത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി സംസാരിക്കുമെന്നും ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു.